ടാറ്റ ഗ്രൂപ്പില്‍ തര്‍ക്കം രൂക്ഷം: ചന്ദ്രശേഖരന്റെ കാലാവധി നീട്ടിയതിനെതിരെ നോയല്‍ ടാറ്റ; ‘വീറ്റോ പവര്‍ പരിഗണിച്ചില്ല’

മുംബൈ: ടാറ്റാ സണ്‍സ് എക്‌സിക്യൂട്ടീവ് ചെയര്‍മാനായി എന്‍. ചന്ദ്രശേഖരന്റെ കാലാവധി നീട്ടി നല്‍കിയ ബോര്‍ഡ് യോഗ തീരുമാനത്തിനെതിരെ എതിര്‍പ്പുമായി നോയല്‍ ടാറ്റ. ചന്ദ്രശേഖരനെ വീണ്ടും ചെയര്‍മാനായി നിയമിക്കാന്‍ 4-1 എന്ന ഭൂരിപക്ഷത്തിലാണ് ടാറ്റാ സണ്‍സ് ബോര്‍ഡ് വോട്ട് ചെയ്തതെങ്കിലും, ഈ വോട്ടെടുപ്പ് പൂര്‍ണ്ണമായും നിയമവിരുദ്ധമെന്ന് ടാറ്റാ ട്രസ്റ്റ് അധ്യക്ഷന്‍ നോയല്‍ ടാറ്റ ആരോപിച്ചു. ഇതോടെ ടാറ്റാ ഗ്രൂപ്പിന്റെ നേതൃത്വത്തെ ചൊല്ലിയുള്ള തര്‍ക്കം വീണ്ടും രൂക്ഷമായി.

ചന്ദ്രശേഖരന്റെ നിയമനത്തെ താന്‍ ബോര്‍ഡ് യോഗത്തില്‍ എതിര്‍ത്തുവെന്നും തന്റെ വിയോജിപ്പ് രേഖപ്പെടുത്തിയെന്നും നോയല്‍ ടാറ്റ വ്യക്തമാക്കി. ഒരു നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ ‘വീറ്റോ’ അധികാരം തെറ്റായ രീതിയില്‍ മറികടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ടാറ്റാ സണ്‍സിന്റെ നിയമാവലി പ്രകാരം ടാറ്റാ ട്രസ്റ്റ് നാമനിര്‍ദ്ദേശം ചെയ്യുന്ന ഡയറക്ടര്‍മാരുടെ ഭൂരിപക്ഷ അംഗീകാരം ഇത്തരമൊരു തീരുമാനത്തിന് ആവശ്യമുണ്ട്. എന്നാല്‍ വോട്ടെടുപ്പില്‍ സമനിലയോ തടസ്സമോ ഉണ്ടായാല്‍ ചെയര്‍മാന് നിര്‍ണ്ണായക വോട്ട് രേഖപ്പെടുത്താം എന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാനേജ്മെന്റ് തീരുമാനവുമായി മുന്നോട്ടുപോയത്.

വരുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ എന്‍ ചന്ദ്രശേഖരനെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ ടാറ്റാ ട്രസ്റ്റ് നീക്കം നടത്തുമെന്നാണ് സൂചന. ഡയറക്ടര്‍ പദവി നഷ്ടപ്പെട്ടാല്‍ അദ്ദേഹത്തിന് ചെയര്‍മാനായി തുടരാനാവില്ല. 2027 ഫെബ്രുവരിയില്‍ കാലാവധി അവസാനിക്കുന്നതോടെ താന്‍ സ്ഥാനമൊഴിയുമെന്ന് ഓഗസ്റ്റില്‍ ചന്ദ്രശേഖരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ ചെയര്‍മാനെ കണ്ടെത്താന്‍ സര്‍ ദൊറാബ്ജി ടാറ്റാ ട്രസ്റ്റ് സെലക്ഷന്‍ കമ്മിറ്റിക്കുള്ള നടപടികള്‍ ആരംഭിച്ചിരിക്കെയാണ് ബോര്‍ഡ് യോഗത്തിലെ പുതിയ സംഭവങ്ങള്‍.

Scroll to Top