നിവിന്‍ പോളി ചിത്രം നേടിയത്.
മലയാള സിനിമാ ചരിത്രത്തില്‍ സര്‍വ്വകാല കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ നിവിന്‍ പോളി – ഗിരീഷ് എ.ഡി – മമിത ബൈജു ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ആഗോളതലത്തില്‍ 300 കോടി കളക്ഷന്‍ പിന്നിട്ട വിവരം അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി പുറത്തുവിട്ടു. എന്നാല്‍, സാധാരണയായി വലിയ വിജയങ്ങള്‍ ആഘോഷിക്കുമ്പോള്‍ അഭിനേതാക്കളുടെ ചിത്രങ്ങള്‍ വച്ചുള്ള പോസ്റ്ററുകള്‍ ഇറക്കുന്ന പതിവ് രീതിക്ക് പകരം തികച്ചും വ്യത്യസ്തമായ ഒരു പോസ്റ്ററാണ് നിര്‍മ്മാതാക്കളായ ഭാവന സ്റ്റുഡിയോസ് പങ്കുവെച്ചിരിക്കുന്നത്.
സിനിമയുടെ അണിയറ പ്രവര്‍ത്തകരായ സംവിധായകന്‍, തിരക്കഥാകൃത്ത്, ക്യാമറാമാന്‍, എഡിറ്റര്‍, നിര്‍മ്മാതാക്കള്‍ എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള 300 കോടി പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച സാങ്കേതിക വിദഗ്ദ്ധര്‍ക്ക് അര്‍ഹിച്ച പ്രാധാന്യം നല്‍കിയ നിര്‍മ്മാതാക്കളുടെ ഈ വേറിട്ട നീക്കത്തിന് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമാലോകത്തും ഈ പോസ്റ്റര്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
സംവിധായകന്‍ ഗിരീഷ് എ.ഡി, നിര്‍മ്മാതാക്കളായ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഛായാഗ്രഹണം നിര്‍വ്വഹിച്ച അജ്മല്‍ സാബു, തിരക്കഥാകൃത്ത് കിരണ്‍ ജോസി, എഡിറ്റര്‍ ആകാശ് ജോസഫ് വര്‍ഗ്ഗീസ് എന്നിവരാണ് 300 കോടി നേട്ടത്തിന്റെ പോസ്റ്ററിലുള്ളത്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ 28-ാം ദിനത്തിലും നിറഞ്ഞ സദസ്സില്‍ 266 തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മലയാളത്തിലെ ഏറ്റവും വേഗമേറിയ 300 കോടി ചിത്രമെന്ന അപൂര്‍വ്വ നേട്ടവും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.




