മാസപ്പടി കേസ്; എജിയുടെ നിയമോപദേശം കിട്ടിയെന്ന് രമേശ് ചെന്നിത്തല, മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കും

മാസപ്പടി കേസില്‍ ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ എജിയുടെ നിയമോപദേശം ലഭിച്ചതായി രമേശ് ചെന്നിത്തല വ്യക്തമാക്കി. പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണം നടത്താമെന്നാണ് നിയമോപദേശം.
പത്തനംതിട്ട: മാസപ്പടി കേസില്‍ എജിയുടെ നിയമോപദേശം കിട്ടിയെന്നും പരിശോധിച്ച് മേല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിഷയത്തില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കും. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ലീഗല്‍ ഒപ്പീനിയന്‍ തേടിയത്. കേരളത്തിലെ എല്ലാ മാധ്യമങ്ങളുമായി നല്ല ബന്ധമാണുള്ളത്. എസ്‌ഐടി സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി വിഡി സതീശനും രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇഡി വിഷയം ചര്‍ച്ച ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിഷയം സംസാരിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ഇവിടെത്തന്നെ തീരുമാനമെടുക്കാവുന്ന വിഷയമേ ഉള്ളൂ. അടൂര്‍ സ്വദേശിയായ ദളിത് യുവാവിന് പൊലീസ് മര്‍ദ്ദനമേറ്റു എന്ന പരാതിയില്‍ കര്‍ശന നടപടി ഉണ്ടാകും. ശാസ്താംകോട്ട പൊലീസിനെതിരായ പരാതി അന്വേഷിക്കാന്‍ എസ്‌ഐടിയെ നിയോഗിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഇഡിയുടെ ശുപാര്‍ശ കത്തില്‍ അന്വേഷണം നടത്താമെന്നാണ് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. അന്വേഷണം ഏതെന്നു സര്‍ക്കാരിന് തീരുമാനിക്കാം. സുപ്രീംകോടതി വിധികള്‍ അടക്കം ചേര്‍ത്തുകൊണ്ടാണ് ഉപദേശം. ഡിജിപിയുടെ അഭിപ്രായം കൂടി ചേര്‍ത്ത് എജിയാണ് നിയമോപദേശം നല്‍കിയത്. ഇതോടെ സര്‍ക്കാര്‍ തീരുമാനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷ.

Scroll to Top