എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളില്‍ ദേവസ്വം കമ്മീഷണര്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു. മൂന്ന് കോടിയിലധികം രൂപയുടെ കണക്കുകളില്‍ തിരിമറി നടന്നെന്ന ഉപദേശകസമിതിയുടെ പരാതിയിലാണ് നടപടി. എന്നാല്‍ ആരോപണങ്ങള്‍ വ്യക്തിവൈരാഗ്യം മൂലമാണെന്ന് ദേവസ്വം ഓഫീസര്‍ പ്രതികരിച്ചു.
കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് ക്ഷേത്ര ഉപദേശകസമിതിയുടെ പരാതി സംബന്ധിച്ച് സമഗ്രമായ അന്വേഷണത്തിന് ദേവസ്വം കമ്മീഷണര്‍ ഉത്തരവിട്ടു. ദേവസ്വം ഓഫീസറുടെ വിശദീകരണം ഉള്‍പ്പെടുത്തി ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ചീഫ് വിജിലന്‍സ് ഓഫീസര്‍ക്ക് (ഇന്‍ചാര്‍ജ്) നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 2025-26 ലെ ഉത്സവവുമായി ബന്ധപ്പെട്ട കണക്കുകള്‍ ദേവസ്വം ഓഫീസര്‍ അവതരിപ്പിക്കുകയോ അംഗീകരിച്ച് പാസ്സാക്കുകയോ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്ര ഉപദേശക സമിതി ദേവസ്വം വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പരാതിയുടെ പകര്‍പ്പ് സഹിതം ദേവസ്വം കമ്മീഷണര്‍ക്കും സമിതി പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് ദേവസ്വം വിജിലന്‍സിനോട് വിഷയം സമഗ്രമായി അന്വേഷിക്കാന്‍ ഉത്തരവിട്ടത്.
ഉത്സവത്തിന്റെ വരവ്-ചെലവ് കണക്കുകള്‍ അടിയന്തരമായി ഓഡിറ്റ് ചെയ്യുന്നതിനായി സമിതി ഓഡിറ്റ് വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓഡിറ്റിനും അന്വേഷണത്തിനുമായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. ഓഡിറ്റിന് ആവശ്യമായ എല്ലാ കണക്കുകളും അനുബന്ധ രേഖകളും രജിസ്റ്ററുകളും ഓഡിറ്റ് വിഭാഗത്തിന് മുന്നില്‍ പരിശോധനയ്ക്കായി ദേവസ്വം ഓഫീസര്‍ ഹാജരാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ ജനുവരിയില്‍ നടന്ന ക്ഷേത്രോത്സവത്തിന്റെ കണക്കുകള്‍ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ഓഫീസര്‍ അഖില്‍ ദാമോദരനും ഉപദേശക സമിതിയും തമ്മില്‍ മാസങ്ങളായി തര്‍ക്കം നിലനില്‍ക്കുകയാണ്. ഏകദേശം മൂന്ന് കോടിയിലധികം രൂപ പിരിച്ചെടുത്ത ഉത്സവത്തിന്റെ സാമ്പത്തിക രേഖകളില്‍ തിരിമറി നടത്താന്‍ മൂന്നാം കക്ഷികളെ ഉപയോഗിച്ച് ശ്രമിച്ചെന്നാണ് സമിതിയുടെ പ്രധാന ആരോപണം. ദേവസ്വം ഭരണവുമായി നേരിട്ട് ബന്ധമില്ലാത്ത സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ അടിയന്തരമായി ഓഡിറ്റ് ചെയ്യിക്കണമെന്നും ഉപദേശക സമിതി ദേവസ്വം കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ വ്യക്തിവൈരാഗ്യം മൂലം ഉന്നയിക്കുന്നതാണെന്ന് ദേവസ്വം ഓഫീസര്‍ അഖില്‍ ദാമോദരന്‍ വ്യക്തമാക്കി. ബൈലോ പ്രകാരം ഉത്സവ കണക്കുകള്‍ പൂര്‍ത്തിയാക്കി അംഗീകാരം വാങ്ങേണ്ട ഉത്തരവാദിത്തം ഉപദേശക സമിതി സെക്രട്ടറിക്ക് ആണെന്നും ദേവസ്വം ഓഫീസറുടെ ചുമതല സഹായം നല്‍കല്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ 16-ഓടെ കണക്കുകള്‍ സമര്‍പ്പിക്കാന്‍ തയ്യാറാണെന്ന് സമിതിയെ അറിയിച്ചിട്ടും ധൃതിപിടിച്ച് തനിക്കെതിരെ പ്രമേയം പാസാക്കുകയായിരുന്നു എന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.




