ലോക കേരളസഭ തുടരില്ലെന്നത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനം, അതിലൊരു മാറ്റവുമില്ലെന്ന് മുഖ്യമന്ത്രി

ലോക കേരളസഭ തുടരില്ലെന്ന യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കി. ആറാമത് എഡിഷന് സര്‍ക്കാര്‍ തുക വകയിരുത്തിയിട്ടില്ല. പ്രവാസി ക്ഷേമ പദ്ധതികള്‍ക്കും നോര്‍ക്ക പരിപാടികള്‍ക്കും മാത്രമായി തുക അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
തിരുവനന്തപുരം: ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ലോക കേരളസഭയുടെ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാനും ഭരണപരമായ ചെലവുകള്‍ക്കുമായി 2 കോടി രൂപ അനുവദിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം. പണം അനുവദിച്ചതും ധൂര്‍ത്ത് മാറ്റിയാല്‍ ആശയം നല്ലതാണെന്ന് മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചതും ലോക കേരളസഭയില്‍ സര്‍ക്കാറിന് മനം മാറ്റമുണ്ടെന്ന പ്രതീതിയുണ്ടാക്കിയ സാഹചര്യത്തിലാണ് വിശദീകരണം.

ലോക കേരളസഭയുടെ ഈ സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് 2 കോടി രൂപ അനുവദിച്ചത്. ഇതില്‍ നാലാം ലോക കേരളസഭയുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ഒരു കോടി, നോര്‍ക്ക പ്രൊഫഷണല്‍ ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റിനായി 50 ലക്ഷം, ലോക കേരളസഭ സെക്രട്ടറിയറ്റിനായി 50 ലക്ഷം. ഓഗസ്റ്റ് 22ന് ചേര്‍ന്ന വകുപ്പ് തല വര്‍ക്കിംഗ് ഗ്രൂപ്പ് ശുപാര്‍ശ അംഗീകരിച്ചാണ് തുക അനുവദിച്ചത്. പ്രതിപക്ഷത്തിരിക്കെ പ്രാഞ്ചി സഭയെന്ന് വിളിച്ച ലോക കേരളസഭയിലും യുഡിഎഫ് സര്‍ക്കാര്‍ യു ടേണ്‍ അടിക്കുകയാണോ എന്ന സംശയം ഉയര്‍ന്നു. സംശയം ബലപ്പെടുത്തും വിധത്തിലായിരുന്നു, ധൂര്‍ത്ത് മാറ്റിയാല്‍ ആശയം നല്ലതാണെന്ന സണ്ണി ജോസഫിന്റെ പ്രതികരണം.

വിവാദം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണ കുറിപ്പ്. ലോക കേരളസഭ തുടരില്ലെന്നത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും അതില്‍ മാറ്റമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. എല്‍ഡിഎഫ് കാലത്ത് നടത്തിയതുപോലെ ലോക കേരളസഭ സംഘടിപ്പിക്കുന്നത് പരിഗണനയിലില്ല. ലോക കേരളസഭയുടെ ആറാമത് എഡിഷന് സര്‍ക്കാര്‍ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല. നിലവില്‍ ലോക കേരളസഭക്ക് സെക്രട്ടറിയേറ്റുണ്ട്. അതിന്റെ ചെലവുകള്‍ക്കും നോര്‍ക്ക വഴിയുള്ള ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റിനുമാണ് പണം അനുവദിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രവാസികളുടെ പങ്കാളിത്തത്തോടെ കേരള വികസനം ലക്ഷ്യമിട്ടുള്ള മറ്റൊരു പദ്ധതി സര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രവാസി ക്ഷേമ പദ്ധതികള്‍ സര്‍ക്കാരിന്റെ പ്രഥമ പരിഗണനയിലുള്ള വിഷയമാണ്. അത്തരം നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കും കൂടിയാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Scroll to Top