കേരള കേന്ദ്ര സര്‍വകലാശാലയില്‍ ആത്മഹത്യാ പ്രതിരോധ ദിനാചരണം ‘കൂടെ’ സംഘടിപ്പിച്ചു

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ‘ഓരോ ജീവനും വിലപ്പെട്ടതാണ്’ എന്ന സന്ദേശമുയര്‍ത്തി ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണം ‘കൂടെ’ സംഘടിപ്പിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ ഉദ്ഘാടനം ചെയ്തു. മാനസിക പ്രയാസങ്ങള്‍ തുറന്നുപറയാനും ആശങ്കയോ അപമാന ഭയമോ ഇല്ലാതെ സഹായം തേടാനും കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോ. എം. നാഗലിങ്കം അധ്യക്ഷത വഹിച്ചു.

കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോസയന്‍സസിലെ ഡോ. രാഗേഷ് ജി ‘യുവാക്കള്‍ക്കിടയിലെ ആത്മഹത്യാ പ്രതിരോധം’ എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി ഡോ. ജില്ലി ജോണ്‍ സംസാരിച്ചു. നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം കൗണ്‍സിലര്‍ അശ്വതി, കാസര്‍കോട് സോഷ്യല്‍ പൊലീസിംഗ് ഡിവിഷന്‍ കോര്‍ഡിനേറ്റര്‍ രാമകൃഷ്ണന്‍, മാധ്യമ പ്രവര്‍ത്തകന്‍ ജോര്‍ജ് പൊയ്കയില്‍ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയും നടന്നു. വിദ്യാര്‍ഥിനി മുര്‍ഷിദ പി.കെ. മോഡറേറ്ററായി. മാനസികാരോഗ്യം, ആത്മഹത്യാ പ്രതിരോധം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി വിദ്യാര്‍ഥികള്‍ പ്രദര്‍ശനവും ഒരുക്കി.

Scroll to Top