ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ സ്വകാര്യ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ച് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ദില്ലി: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ സ്വകാര്യ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ച് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാവിലെ 9 മണിയോടെ ഗംഗോത്രിയിലേക്ക് പോവുകയായിരുന്ന ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടന്നയുടനെ നാട്ടുകാരും പൊലീസും സ്ഥലത്തെത്തി. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏഴ് യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. സംഭവസ്ഥലത്തേക്ക് പൊലീസ്, സൈനിക ഉദ്യോഗസ്ഥര്‍, ദുരന്ത നിവാരണ സേനാംഗങ്ങള്‍, 108 ആംബുലന്‍സ് ടീം, ഭട്വാരിയിലെ ബിഡിഒ, റവന്യൂ സംഘം എന്നിവര്‍ എത്തി. ഉത്തരകാശി ജില്ലയിലെ ഗംഗനാനിക്ക് സമീപം ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി ഗര്‍വാള്‍ ഡിവിഷണല്‍ കമ്മീഷണര്‍ വിനയ് ശങ്കര്‍ പാണ്ഡെ സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവര്‍ വിനോദ സഞ്ചാരികളാണെന്നാണ് നിഗമനം.