മന്ത്രിമാരുടെ വിദേശ യാത്ര, കെഎം ഷാജിയുടെ ആഢംബര കാര്‍ യാത്രയേയും പിന്തുണച്ച് മുഖ്യമന്ത്രി; ‘മന്ത്രിമാര്‍ തന്റെ അനുമതിയോടെയാണ് യാത്ര പോയത്’

മന്ത്രിമാരുടെ വിദേശ യാത്രകളെയും കെ.എം ഷാജിയുടെ ആഡംബര കാര്‍ യാത്രയെയും ന്യായീകരിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. മലപ്പുറത്തെ മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിലേക്കുള്ള തന്റെ ചാര്‍ട്ടേഡ് വിമാന യാത്രയ്ക്ക് പണം മുടക്കിയത് ആരാണെന്ന് വെളിപ്പെടുത്താന്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മന്ത്രിമാരുടെ വിദേശ യാത്രയേയും മന്ത്രി കെഎം ഷാജിയുടെ ആഢംബര കാര്‍ യാത്രയേയും പിന്തുണച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. പുതിയ വണ്ടി വാങ്ങേണ്ട എന്നാണ് തീരുമാനമെന്ന് വിഡി സതീശന്‍ പറഞ്ഞു. മന്ത്രിമാര്‍ തന്റെ അനുമതിയോടെയാണ് യാത്ര പോയത്. വിദേശയാത്രക്ക് ഞാനാണ് പോയി വാ എന്ന് പറഞ്ഞത്. യാത്രയില്‍ സര്‍ക്കാരിന് ചെലവില്ല. ഇടത് കാലത്തെ യാത്ര കണക്ക് വായിക്കാന്‍ തുടങ്ങിയാല്‍ തീരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് ആരാണ് പണം മുടക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞില്ല. ഇതു സംബന്ധിച്ച മാധ്യമപ്രവത്തകരുടെ ചോദ്യത്തില്‍ അസംതൃപ്തനായ സതീശന്‍ മലപ്പുറം യാത്ര സര്‍ക്കാര്‍ ചെലവിലല്ലെന്നും, ആരാണ് പണം മുടക്കിയത് എന്ന് പറയുന്നത് എന്തിനാണെന്നും ചോദിച്ചു. മലപ്പുറത്ത് വലിയ അപകടം ഉണ്ടായി. പോയില്ലെങ്കില്‍ 6 പേര് മരിച്ചിട്ടും പോകാത്തതെന്താണെന്ന് ചോദിക്കും. മുഖ്യമന്ത്രി തിരിഞ്ഞു നോക്കിയില്ലെന്ന് പറയും. പരിചയക്കാരന്‍ വിമാനം അറേഞ്ച് ചെയ്തു തന്നു. അതിലെന്ത് തെറ്റെന്നാണ് സതീശന്റെ ചോദ്യം. മലയാളി ആയ ഒരാള്‍ അറേഞ്ച് ചെയ്ത ഫ്‌ലൈറ്റിലാണ് പോയത്. ഇനിയും പോകും. അതില്‍ എന്താണ് തെറ്റ്. പിണറായിയും ഉമ്മന്‍ ചാണ്ടിയും പോയിട്ടുണ്ട്. പിണറായി ആരുടെ വിമാനത്തില്‍ പോയി എന്ന് ഞാന്‍ പ്രതിപക്ഷത്തുള്ളപ്പോള്‍ ഞാന്‍ ചോദിച്ചില്ല. വിമാനം അറേഞ്ച് ചെയ്യുന്നവര്‍ ഔദാര്യം കൈപറ്റുന്നവരല്ല. ഇനിയും ഞാന്‍ പോകുമെന്നും ആരാണ് പണം മുടക്കിയതെന്ന് പറയാനുദ്ദേശിക്കുന്നില്ലെന്നും സതീശന്‍ പറഞ്ഞു.

Scroll to Top