മലബാര്‍ മില്‍മ യൂണിയന്‍ പിരിച്ചുവിടലില്‍ വിശദ അന്വേഷണം. പ്രാഥമിക കണ്ടെത്തലുകളില്‍ വിശദ അന്വേഷണം നടത്താന്‍ മൂന്നംഗങ്ങള്‍ ഉള്‍പ്പെടുന്ന അന്വേഷണ സംഘത്തെ രൂപീകരിച്ചു. മില്‍മ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
തിരുവനന്തപുരം: മില്‍മ മലബാര്‍ മേഖല യൂണിയന്‍ പിരിച്ചുവിട്ടതില്‍ അന്വേഷണ സംഘത്തെ രൂപീകരിച്ചു. മില്‍മ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തും. പ്രാഥമിക കണ്ടെത്തലുകളിലാണ് മൂന്നംഗ സംഘം വിശദ അന്വേഷണം നടത്തുക. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടി ഉണ്ടാകും. ഗുരുതര കണ്ടെത്തലുകള്‍ ഉണ്ടെങ്കില്‍ വിജിലന്‍സ് അന്വേഷണത്തിനും ശുപാര്‍ശ ചെയ്‌തേക്കും.
അതിനിടെ, മലബാര്‍ മില്‍മ യൂണിയന്‍ പിരിച്ചുവിട്ടതിന് പിന്നാലെ സഹസ്ഥാപനമായ എംആര്‍ഡിഎഫില്‍ നിന്ന് ഫയലുകള്‍ കടത്തിയെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഫയലുകള്‍ കാണാതായെന്ന് കാട്ടി സര്‍ക്കാര്‍ നിയോഗിച്ച അഡ്മിനിസ്‌ട്രേറ്റര്‍ പൊലീസില്‍ പരാതി നല്‍കി. ക്രമക്കേടുകള്‍ പുറത്തുവരാതിരിക്കാന്‍ തെളിവ് നശിപ്പിക്കാനുള്ള ശ്രമമെന്നാണ് ആരോപണം. പരാതിയുടെ അടിസ്ഥാനത്തില്‍ എംആര്‍ഡിഎഫ് സിഇഒ ജോര്‍ജുകുട്ടിക്കെതിരെ പൊലീസ് കേസെടുത്തു.
ഇക്കഴിഞ്ഞ 18-ാം തീയതി ആണ് വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിന് പിന്നാലെ മലബാര്‍ മില്‍മ യൂണിയന്‍ പിരിച്ചുവിട്ടത്. നെയ്യ് മോഷണം, പാല്‍ ഉല്‍പന്നങ്ങളുടെ സ്റ്റോക്കില്‍ ക്രമക്കേട് തുടങ്ങിയ ഗുരുതര പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. തുടര്‍ന്ന് യൂണിയന്‍ ഭരണം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നല്‍കി.




