ഇന്ത്യക്കെതിരായ പരമ്പരക്ക് മുമ്പ് വെസ്റ്റ് ഇന്‍ഡീസിന് കനത്ത തിരിച്ചടി, കളിക്കാരുടെ പ്രതിഫലം വെട്ടിക്കുറച്ചു

ആഭ്യന്തര താരങ്ങളുടെ കരാര്‍ കാലാവധി ഏഴ് മാസമായി ചുരുക്കിയെങ്കിലും അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കുന്ന താരങ്ങളുടെ കരാര്‍ 12 മാസമായി തന്നെ തുടരും.
ജമൈക്ക: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിലെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. സാമ്പത്തിക ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി വാര്‍ഷിക കരാറിലുള്ള കളിക്കാരുടെ പ്രതിഫലം 25 ശതമാനം വെട്ടിക്കുറച്ചതായി ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് പ്രഖ്യാപിച്ചു. ഇതിന് പുറമെ, ഇത്തവണത്തെ പുരുഷന്മാരുടെ സൂപ്പര്‍50 ടൂര്‍ണമെന്റും വനിതകളുടെ ടി20 ബ്ലേസും റദ്ദാക്കാനും ബോര്‍ഡ് തീരുമാനിച്ചു.

ആഭ്യന്തര താരങ്ങളുടെ കരാര്‍ കാലാവധി ഏഴ് മാസമായി ചുരുക്കിയെങ്കിലും അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കുന്ന താരങ്ങളുടെ കരാര്‍ 12 മാസമായി തന്നെ തുടരും. സാമ്പത്തികവും മത്സരപരവുമായ കടുത്ത വെല്ലുവിളികള്‍ നേരിടുന്നതിനായി എടുത്ത അനിവാര്യമായ നടപടിയാണിതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ് ഡെഹ്‌റിംഗ് വ്യക്തമാക്കി.സാമ്പത്തിക സ്ഥിരത കൈവരിക്കാനുള്ള നിര്‍ബന്ധിത ഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. കളിക്കാരുടെ യാത്ര, താമസം എന്നിവ വലിയ ചിലവാണ് വരുത്തിവെക്കുന്നത്. സ്ഥിതിഗതികള്‍ മനസിലാക്കി ബോര്‍ഡിനോട് സഹകരിക്കുന്ന കളിക്കാരുടെയും വെസ്റ്റ് ഇന്‍ഡീസ് പ്ലെയേഴ്‌സ് അസോസിയേഷന്റെയും നിലപാട് അഭിനന്ദനാര്‍ഹമാണെന്നും ക്രിസ് ഡെഹ്‌റിംഗ് പറഞ്ഞു.

കഴിഞ്ഞ 15 വര്‍ഷത്തിനിടെ 80 മില്യണ്‍ ഡോളറിലധികമാണ് വിമാന യാത്രകള്‍ക്കായി വിന്‍ഡീസ് ബോര്‍ഡ് ചെലവഴിച്ചത്. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഐസിസി അനുവദിച്ച 16 മില്യണ്‍ ഡോളര്‍ (ഏകദേശം 153 കോടി രൂപ) വായ്പ ലഭിക്കുന്നതിനും ബോര്‍ഡിന് ചില കര്‍ശന സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കേണ്ടതുണ്ട്. റദ്ദാക്കിയ ടൂര്‍ണമെന്റുകള്‍ക്ക് പകരം 2028 ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സിനായുള്ള യോഗ്യതാ മത്സരങ്ങള്‍ സംഘടിപ്പിക്കാനാണ് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ പദ്ധതി.

മൂത്രപ്പുര വേദനയ്ക്ക് 5 മിനിറ്റില്‍ ആശ്വാസം; 3 ആഴ്ചയില്‍ നവജീവന്‍
ബാത്ത്‌റൂം ഓട്ടവും ഉള്ളറ ഉണരലും അവസാനിപ്പിക്കുന്ന പ്രകൃതിദിന ക്യാപ്‌സൂള്‍
കൂടുതല്‍ അറിയുക

ഒളിമ്പിക്‌സില്‍ വെസ്റ്റ് ഇന്‍ഡീസിന് ഒരൊറ്റ ടീമായി മത്സരിക്കാന്‍ സാധിക്കാത്തതിനാല്‍ ഓരോ കരീബിയന്‍ രാജ്യങ്ങള്‍ക്കും വെവ്വേറെ യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ നടത്തേണ്ടതുണ്ട്. കുറഞ്ഞ കരാര്‍ തുക കാരണം ഇതിനകം തന്നെ പ്രമുഖ വിന്‍ഡീസ് താരങ്ങള്‍ ദേശീയ ടീമിനേക്കാള്‍ ആഗോള ടി20 ലീഗുകളില്‍ കളിക്കാനാണ് മുന്‍ഗണന നല്‍കുന്നത്. പ്രതിഫലം ഇനിയും വെട്ടിക്കുറച്ചതോടെ കൂടുതല്‍ കളിക്കാര്‍ വാര്‍ഷിക കരാര്‍ ഉപേക്ഷിക്കാന്‍ സാധ്യതയേറി, ഇത് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിന്റെ ഭാവിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.

Scroll to Top