മഞ്ചേശ്വരം: മേഖലയില്‍ പരമ്പരയായി നടന്നിരുന്ന സ്‌കൂട്ടര്‍ മോഷണക്കേസിലെ പ്രതിയെ നാട്ടുകാര്‍ കൈയോടെ പിടികൂടി പോലീസിലേല്‍പ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ആറു മണിയോടെ കുഞ്ചത്തൂര്‍ തൂമിനാടാണ് സംഭവം. തലപ്പാടി സ്വദേശി സുനില്‍ ആണ് പിടിയിലായത്. ചില ദിവസങ്ങള്‍ക്ക് മുന്‍പ് മഞ്ചേശ്വരം സ്വദേശി നയീം അബ്ദുള്‍ ഖാദറിന്റെ ‘KA 70 K 4579’ രജിസ്‌ട്രേഷനിലുള്ള സ്‌കൂട്ടര്‍ മോഷണം പോയിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നെങ്കിലും പ്രതി ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. ഇതിനിടെ മഞ്ചേശ്വരം പൊസോട്ടു സ്വദേശിയുടെ സ്‌കൂട്ടര്‍ കാണാതായ സംഭവത്തിലും പോലീസ് കേസെടുത്തിരുന്നു. ഇതിനിടെയാണ് ഉള്ളാള്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നിന്ന് മോഷണം പോയ ‘KA 19 H’ രജിസ്‌ട്രേഷനിലുള്ള സ്‌കൂട്ടര്‍ തൂമിനാടിലുള്ള ഒരു കടയുടെ മുന്നില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ മഞ്ചേശ്വരം പോലീസ് സിവില്‍ വേഷത്തിലെത്തി പ്രതിക്കായി കാത്തുനിന്നെങ്കിലും ആരും വരാതിരുന്നതിനെ തുടര്‍ന്ന് മടങ്ങി.പോലീസ് മടങ്ങിയ ഉടന്‍ സ്‌കൂട്ടര്‍ എടുക്കാന്‍ എത്തിയ പ്രതിയെ സംശയം തോന്നിയ നാട്ടുകാര്‍ തടഞ്ഞുവെച്ച് പിടികൂടുകയായിരുന്നു.
തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ച് പ്രതിയെ കൈമാറി. ചോദ്യം ചെയ്യലില്‍ പ്രതി തലപ്പാടി സ്വദേശിയായ സുനില്‍ ആണെന്ന് വ്യക്തമായി. കൂടാതെ, നയീം അബ്ദുള്‍ ഖാദറിന്റെ കവര്‍ന്ന സ്‌കൂട്ടര്‍ തലപ്പാടിയിലെ ഒരു ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ടിട്ടുണ്ടെന്നും ഇയാള്‍ സമ്മതിച്ചു. മഞ്ചേശ്വരം എസ്.ഐ. ശബരി കൃഷ്ണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്ത് തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു




