വയനാട്: മുട്ടില്‍ മരംമുറി കേസില്‍ തിരുത്തി സമര്‍പ്പിച്ച വനംവകുപ്പ് കുറ്റപത്രം ബത്തേരി കോടതി ഫയലില്‍ സ്വീകരിച്ചു. ഈ മാസം 17ന് സമര്‍പ്പിച്ച കുറ്റപത്രം പിഴവുകള്‍ ചൂണ്ടിക്കാട്ടി ബത്തേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മടക്കിയിരുന്നു. പിന്നാലെ പോരായ്മകള്‍ തിരുത്തിയാണ് വനം വകുപ്പ് വീണ്ടും കുറ്റപത്രം ഇന്നലെ സമര്‍പ്പിച്ചത്.
മുട്ടില്‍ മരം മുറി കേസില്‍ വനം വകുപ്പ് സമര്‍പ്പിച്ച ആദ്യത്തെ കുറ്റപത്രത്തില്‍ ഒന്നിലധികം പിശകുകളാണ് കോടതി ചൂണ്ടിക്കാട്ടിയത്. കുറ്റപത്രം സമര്‍പ്പണം സമയബന്ധിതമാകാത്തതും പിടികൂടിയ മരത്തടികള്‍ എവിടെനിന്നുള്ളതില്‍ വ്യക്തതയില്ലാത്തതും 17ന് സമര്‍പ്പിച്ച കുറ്റപത്രം മടക്കിയതിന് കാരണമായി കോടതി ചൂണ്ടിക്കാട്ടി. പിന്നാലെ വനം മന്ത്രി ഷിബു ജോണും വിഷയത്തില്‍ വിശദീകരണം തേടിയിരുന്നു.
കേസുമായി ബന്ധപ്പെട്ട മരത്തടികള്‍ കണ്ടുകിട്ടുന്നതിനും കുറ്റപത്രം സമര്‍പ്പിക്കുന്നതിനും ഉണ്ടായിരുന്ന ഹൈക്കോടതി സ്റ്റേ ഈ മാസം നീങ്ങിയതിന് പിന്നാലെയാണ് നടപടികള്‍ ആരംഭിച്ചതെന്ന് അടക്കം കാരണങ്ങള്‍ ചൂണ്ടിക്കാട്ടി, പോരായ്മകള്‍ തിരുത്തി വീണ്ടും സമര്‍പ്പിച്ച കുറ്റപത്രമാണ് ഇപ്പോള്‍ ബത്തേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചത്. മുന്നോട്ടുള്ള കോടതി നടപടികള്‍ അടുത്തമാസം ആരംഭിക്കും.




