പലര്‍ക്കും ചട്ട പ്രകാരം യോഗ്യതയില്ല; സംസ്ഥാന വഖഫ് ബോര്‍ഡ് പിരിച്ചു വിടാന്‍ ഒരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോര്‍ഡ് പിരിച്ചു വിടാന്‍ ഒരുങ്ങി സര്‍ക്കാര്‍. ഉടന്‍ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയേക്കും. അംഗങ്ങളില്‍ പലര്‍ക്കും ചട്ട പ്രകാരം യോഗ്യത ഇല്ലെന്നാണ് വിലയിരുത്തല്‍. രണ്ട് അമുസ്ലിങ്ങളെ പിന്നീട് നിയോഗിക്കും. സുപ്രീം കോടതിയിലെ കേസിന്റ വിധി പ്രകാരം നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കെ എസ് ഹംസയെ ചെയര്‍മാന്‍ ആക്കിയത് ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു. 5 വര്‍ഷമാണ് കാലാവധി. നാലര വര്‍ഷം കാലാവധി ശേഷിക്കെയാണ് ബോര്‍ഡ് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നീക്കം.

വഖഫ് ബോര്‍ഡ് പുനഃസംഘടന ആവശ്യമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നേരത്തെ പുനഃസംഘടനയ്ക്ക് മുമ്പ് നിയമപ്രകാരമുള്ള പ്രാതിനിധ്യ നിര്‍ണയം പൂര്‍ത്തിയായിരുന്നില്ല. നിര്‍ണയം പൂര്‍ത്തിയാക്കിയ ശേഷം ബോര്‍ഡ് പുനസംഘടിപ്പിക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നത്.

വഖഫ് നിയമഭേദഗതി പ്രകാരം ബോര്‍ഡില്‍ 11 അംഗങ്ങള്‍ വേണം. കഴിഞ്ഞ ഫെബ്രുവരി നാലിനാണ് 9 അംഗങ്ങളെ ഉള്‍പ്പെടുത്തി എല്‍ഡിഎഫ് സര്‍ക്കാര്‍ ബോര്‍ഡ് രൂപീകരിച്ചത്. വഖഫ് ഭേദഗതി നിയമപ്രകാരം 2 അമുസ്ലിം അംഗങ്ങള്‍ ബോര്‍ഡില്‍ നിര്‍ബന്ധമാണ്. നിലവിലെ ബോര്‍ഡില്‍ മുതവല്ലി, മതപണ്ഡിതന്‍ തുടങ്ങിയ ചില വിഭാഗങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തവരാണ്.

Scroll to Top