വ്യാജ വിവാഹ ആരോപണം ഉയര്‍ത്തി മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല
കൊച്ചി: വ്യാജ വിവാഹ ആരോപണം ഉയര്‍ത്തി മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. കളമശേരി പൊലീസ് സ്റ്റേഷനില്‍ ഹാജരാകില്ലെന്നും കേസിലെ എഫ്‌ഐആര്‍ റദ്ദാക്കാന്‍ ഹൈക്കോടതിയില്‍ ഉടന്‍ ഹര്‍ജി നല്‍കും എന്നും ആന്റോയുടെ അഭിഭാഷകന്‍ അറിയിച്ചു. ആന്റോ അഗസ്റ്റിന്‍ സ്ഥലത്തില്ലെന്നാണ് വക്കീല്‍ പറയുന്നത്. റിപ്പോര്‍ട്ടര്‍ ചാനല്‍ ലേഖകനോടും സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് ഒരു പൊതുചടങ്ങില്‍ സംസാരിക്കവേ ആന്റോ അഗസ്റ്റിന്‍ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുളള ഗുരുതര പരാമര്‍ശം നടത്തിയത്. മുഖ്യമന്ത്രിയെ പൊതുസമൂഹത്തില്‍ അപമാനിച്ചതിനാണ് കേസ്. ആന്റോ അഗസ്റ്റിന്‍ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ആന്റോ അഗസ്റ്റിനും മറ്റു രണ്ടുപേരും ഗൂഢാലോചന നടത്തിയെന്നും അറിഞ്ഞുകൊണ്ട് വ്യാജരേഖ സൂക്ഷിച്ചു എന്നും എഫ്‌ഐആറില്‍ പറയുന്നു.
കെപിസിസി വക്താവ് രാജു പി നായര്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ ഡിജിപിയാണ് നിര്‍ദേശിച്ചത്. കോടികളുടെ വിലവരുന്ന വിവാഹ രേഖകളുമായി രണ്ടു യുവാക്കള്‍ തന്നെ സമീപിച്ചുവെന്നും ബൈന്തുര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ അതേ കുറിച്ച് അന്വേഷണം നടത്തിയെന്നും റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഉടമ ആന്റെ അഗസ്റ്റിനാണ് ഒരു ചടങ്ങില്‍ വെളിപ്പെടുത്തിയത്. ഈ രേഖകള്‍ കൈവശമുണ്ടെന്നും അവകാശപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ നോക്കി വ്യാജ രേഖയുണ്ടാക്കിയവരെ തിരിച്ചറിയണമെന്നും രേഖകള്‍ പിടിച്ചെടുക്കണമെന്നും രാജു പി നായര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.




