കുരുക്ഷേത്ര:/ തൃക്കരിപ്പൂര്‍ വിദ്യാഭ്യാസ രംഗത്തെ നവീകരണങ്ങളും മികച്ച അധ്യാപന രീതികളും പങ്കുവെക്കുന്നതിനായി രാജ്യത്തെ 26 സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇരുന്നൂറോളം അധ്യാപകരും വിദ്യാഭ്യാസ വിദഗ്ധരും കുരുക്ഷേത്രയില്‍ ഒത്തുചേര്‍ന്നു. ശിക്ഷാ സാഗര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 26, 27 തീയതികളില്‍ കുരുക്ഷേത്രയില്‍ ദേശീയ അധ്യാപക സെമിനാറും ദേശീയ നവീന അധ്യാപക പുരസ്‌കാര വിതരണവും സംഘടിപ്പിച്ചു.
രണ്ടുദിവസങ്ങളിലായി നടന്ന സെമിനാറില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അധ്യാപകര്‍ തങ്ങളുടെ നൂതന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും മികച്ച അധ്യാപന മാതൃകകളും അനുഭവങ്ങളും പങ്കുവെച്ചു. ഗവേഷണ പ്രബന്ധ അവതരണങ്ങള്‍, നവീന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനങ്ങള്‍, പ്രവര്‍ത്തനാധിഷ്ഠിത പഠനം, വിദ്യാഭ്യാസരംഗത്തെ സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം, വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനം തുടങ്ങിയ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ചയായി.
വിവിധ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ പരസ്പരം പരിചയപ്പെടുന്നതിനും മികച്ച മാതൃകകള്‍ പങ്കുവെക്കുന്നതിനും സെമിനാര്‍ അവസരമൊരുക്കി. അധ്യാപനരംഗത്തെ പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും പ്രായോഗികതലത്തില്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെക്കുറിച്ചും വിശദമായ ചര്‍ച്ചകള്‍ നടന്നു.
ദേശീയ നവീന അധ്യാപക പുരസ്‌കാരം-2026
ദേശീയ നവീന അധ്യാപക പുരസ്‌കാരം-2026 വിതരണം സെപ്റ്റംബര്‍ 27-ന് കുരുക്ഷേത്രയിലെ ഗീത ജ്ഞാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അധ്യാപകരെയാണ് പുരസ്‌കാരം നല്‍കി ആദരിച്ചത്.
കേരളത്തില്‍ നിന്ന് നിഷ, ഷിജിത്ത്, സതീശന്‍, ഷാന്റി സനല്‍, സിമ്യ, അമ്പിളി, ഷിനു പി.എസ്., സമീര്‍ സിദ്ദിഖി, മഞ്ജു എന്നിവര്‍ ദേശീയ നവീന അധ്യാപക പുരസ്‌കാരം-2026 ഏറ്റുവാങ്ങി.
അധ്യാപകരുടെ അറിവും അനുഭവങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മികച്ച വിദ്യാഭ്യാസ മാതൃകകളും പരസ്പരം പങ്കുവെക്കുന്നതിനും പുതിയ ആശയങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതിനും ദേശീയ അധ്യാപക സെമിനാര്‍ വേദിയായി. വിദ്യാഭ്യാസ രംഗത്തെ നവീകരണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അധ്യാപനത്തിലെ മികവുകള്‍ ദേശീയതലത്തില്‍ പരിചയപ്പെടുത്തുന്നതിനും പരിപാടി സഹായകമായതായി സംഘാടകര്‍ അറിയിച്ചു.
26 സംസ്ഥാനങ്ങളില്‍ നിന്നുള്ള 200 അധ്യാപകര്‍ കുരുക്ഷേത്രയില്‍; നവീന വിദ്യാഭ്യാസ ആശയങ്ങള്‍ക്ക് ദേശീയ വേദി




