ഐച്ചി-നാഗോയ മേഖലയില്‍ തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴ വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. വ്യാഴാഴ്ച നടക്കേണ്ട സെമി ഫൈനല്‍ ദിനത്തില്‍ 60 ശതമാനവും ഒക്ടോബര്‍ 3-ന് നടക്കുന്ന ഫൈനല്‍ ദിനത്തില്‍ 40 ശതമാനവും മഴയ്ക്ക് സാധ്യതയുണ്ട്.
നാഗോയ: ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളെല്ലാം മഴമൂലം ഉപേക്ഷിക്കപ്പെട്ടതോടെ വ്യാഴാഴ്ച നടക്കുന്ന സെമിയില്‍ ഇന്ത്യയും ശ്രീലങ്കയും പാകിസ്ഥാനും ബംഗ്ലാദേശും ഏറ്റുമുട്ടാനൊരുങ്ങുകയാണ്. ഇന്ന് ജപ്പാനിലെ നിഷിനില്‍ നടക്കേണ്ടിയിരുന്ന ശ്രീലങ്ക – നേപ്പാള്‍, ബംഗ്ലാദേശ് – മലേഷ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ടോസ് പോലും സാധ്യമാകാതെ ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ഐസിസി ടി20 റാങ്കിംഗില്‍ മുന്നിലുള്ളതിന്റെ ആനുകൂല്യത്തില്‍ ഇന്ത്യക്കും പാകിസ്ഥാനുമൊപ്പം ശ്രീലങ്കയും ബംഗ്ലാദേശും സെമി ഫൈനലിലേക്ക് യോഗ്യത നേടി.
ഇന്ത്യ-പാക് ഫൈനല്‍
ഐച്ചി-നാഗോയ മേഖലയില്‍ തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴ വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. വ്യാഴാഴ്ച നടക്കേണ്ട സെമി ഫൈനല്‍ ദിനത്തില്‍ 60 ശതമാനവും ഒക്ടോബര്‍ 3-ന് നടക്കുന്ന ഫൈനല്‍ ദിനത്തില്‍ 40 ശതമാനവും മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ചത്തെ സെമി ഫൈനല്‍ മത്സരങ്ങളും മഴമൂലം ഉപേക്ഷിക്കേണ്ടി വന്നാല്‍, മികച്ച ടി20 റാങ്കിംഗിന്റെ കരുത്തില്‍ ഇന്ത്യയും പാകിസ്ഥാനും നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും. കായിക പ്രേമികള്‍ കൊതിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ കലാശപ്പോരിലേക്ക് കാര്യങ്ങളെത്തിക്കാന്‍ ഇത് വഴിയൊരുക്കുമെങ്കിലും, ഫൈനല്‍ ദിനത്തിലും മഴ തുടര്‍ന്നാല്‍ ഒരു പന്ത് പോലും എറിയാതെ ടൂര്‍ണമെന്റ് അവസാനിച്ചേക്കാം.
കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ അഫ്ഗാനിസ്ഥാനെതിരായ ഫൈനല്‍ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ ഉയര്‍ന്ന സീഡിംഗ് ഉള്ള ടീമെന്ന നിലയില്‍ ഇന്ത്യയ്ക്കാണ് സ്വര്‍ണം ലഭിച്ചത്. എന്നാല്‍ 2026 ഗെയിംസില്‍ നിയമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ നിയമപ്രകാരം ഫൈനല്‍ മത്സരവും മഴയില്‍ കഴുകിപ്പോയാല്‍ ഇന്ത്യയും പാകിസ്ഥാനും സ്വര്‍ണ്ണം പങ്കിടേണ്ടി വരും. സമീപകാലത്തെ രാഷ്ട്രീയ-കായിക സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇത് അപൂര്‍വ മെഡല്‍ദാന ചടങ്ങായി മാറും.




