ടൂറിസ്റ്റ് ബസുകളുടെ കളര്‍കോട്; സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് തീരുമാനിക്കാം: നോട്ടിഫിക്കേഷന്‍ ഇറക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ കളര്‍കോട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് തീരുമാനിക്കാം എന്ന് സര്‍ക്കാര്‍. നോട്ടിഫിക്കേഷന്‍ ഇറക്കി സംസ്ഥാന സര്‍ക്കാര്‍. വിവിധ ഹൈക്കോടതി വിധികളുടെ അടിസ്ഥാനത്തില്‍ വേണം തീരുമാനം എടുക്കേണ്ടതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ 2023-ലെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് ചട്ടങ്ങളും വിനോദസഞ്ചാര മേഖലയിലെ ആവശ്യങ്ങളും കണക്കിലെടുത്താണ് ഗതാഗത വകുപ്പ് ഉത്തരവിറക്കിയത്.

ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള ഓള്‍ ഇന്ത്യ പെര്‍മിറ്റ് വാഹനങ്ങള്‍ ഇത്തരം നിയന്ത്രണങ്ങളില്ലാതെ കേരളത്തില്‍ സര്‍വീസ് നടത്തുമ്പോള്‍, സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ടൂറിസ്റ്റ് ബസുകള്‍ക്ക് മാത്രമായി ഏര്‍പ്പെടുത്തിയ കളര്‍ കോഡ് വിനോദസഞ്ചാര ഗതാഗത മേഖലയെ ദോഷകരമായി ബാധിച്ചതായി പരാതികള്‍ ഉയര്‍ന്നിരുന്നു. കേരളത്തിലെ നിയന്ത്രണങ്ങള്‍ കാരണം ഉടമകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യം ഉണ്ടായി.

ഇത് മോട്ടോര്‍ വാഹന നികുതി, പെര്‍മിറ്റ് ഫീസ് എന്നിവയിലൂടെയുള്ള സര്‍ക്കാരിന്റെ വരുമാനത്തില്‍ ഇടിവ് വരുത്താന്‍ ഇടയാക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ്, 1988-ലെ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 67 (1) (ഡി) പ്രകാരം ലഭിച്ച അധികാരം ഉപയോഗിച്ച് സര്‍ക്കാര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് പുനഃപരിശോധനാ നിര്‍ദേശം നല്‍കിയത്.

ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. റോഡ് സുരക്ഷ മുന്‍നിര്‍ത്തി ബസുകളില്‍ സിനിമാ താരങ്ങളുടെ വലിയ ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍, കേരള മോട്ടോര്‍ വാഹന ചട്ടം 264 പ്രകാരം 2021 ഓഗസ്റ്റ് 11-നാണ് എല്‍എംവി അല്ലാത്ത കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ക്ക് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഏകീകൃത കളര്‍ കോഡ് നടപ്പാക്കിയത്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളില്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് പ്രത്യേക നിറം നിഷ്‌കര്‍ഷിച്ചിട്ടില്ല.

Scroll to Top