ജീവന്‍ പൊലിയുന്ന നിരത്തുകള്‍; സംസ്ഥാനത്ത് റോഡ് അപകടങ്ങളില്‍ മരണപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

സംസ്ഥാനത്ത് റോഡ് അപകടങ്ങളില്‍ മരണപ്പെടുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്. അമിത വേഗതയും അശ്രദ്ധയും റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയുമാണ് നിരത്തുകളെ നിണമണിയിക്കുന്നത്. സംസ്ഥാനത്ത് 2030-ല്‍ റോഡ് അപകടങ്ങള്‍ 50 ശതമാനമായി കുറയ്ക്കാന്‍ നാറ്റ്പാക്ക് റോഡ് സുരക്ഷാ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിരുന്നു. ആ പദ്ധതി പൂര്‍ണതോതില്‍ ഫലം കണ്ടാല്‍ റോഡ് അപകടങ്ങള്‍ വലിയതോതില്‍ കുറയ്ക്കാന്‍ സഹായകരമാകും.

ഒടുവിലത്തെ കേരള സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പ്രകാരം 1990-ല്‍ കേരളത്തിലുണ്ടായിരുന്നത് 6,48,000 മോട്ടോര്‍ വാഹനങ്ങളായിരുന്നു. 2024-2025 കാലഘട്ടത്തില്‍ 51,81,97,585 ആയി. 35 വര്‍ഷം കൊണ്ട് 28 മടങ്ങ് വര്‍ധന. 1990-ല്‍ റോഡുക ളുടെ ദൈര്‍ഘ്യം 1,28,403 കിലോമീറ്ററായിരുന്നു. 2024-25-ല്‍ 1,97,448 കിലോമീറ്ററായി. എന്നാല്‍ ഇതിന് വേണ്ട പശ്ചാത്തതല സംവിധാനം ഉണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ലെന്ന് തന്നെ പറയാം. ദേശീയപാതയിലടക്കം ഇരുചക്ര വാഹനയാത്രക്കാര്‍ മീഡിയനോട് ചേര്‍ന്ന് സഞ്ചരിക്കുന്ന പ്രവണത വര്‍ ധിച്ചതായി കേരള പോലീസിന്റെ ട്രാ ഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേ ജ്‌മെന്റ് വിഭാഗം പറയുന്നു.

അശ്രദ്ധയോടെയും നിയവിരുദ്ധവുമായി വാഹനം ഓടിക്കുന്നതും വാഹനപ്പെരുപ്പത്തിനനുസരിച്ച് റോഡുകള്‍ വികസിക്കാത്തതും അപകടനിരക്ക് ഉയരാന്‍ കാരണമായതായി.ഒരോ വര്‍ഷത്തെയും അപകടമരണങ്ങള്‍ കൂടുന്നുവെന്ന് ഈ കണക്കുകള്‍ തന്നെ ചുണ്ടികാണിക്കുന്നു. 2021- 3429, 2022- 4317, 2023- 4080, 2024- 3875, 2025-3733, 2026 ജൂണ്‍ വരെ-2319 പേര്‍ മരിച്ചുവെന്നാണ് കേരളാ പൊലീസിന്റെ ഔദ്യോഗിക കണക്ക്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ കണക്കും ഞെട്ടിപ്പിക്കുന്നതാണ്. സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതിനു പിന്നിലെ പ്രധാന വില്ലന്‍ ഡ്രൈവിങ്ങിലെ പിഴവ്.

അപകടങ്ങള്‍ കൂടാന്‍ കാരണമായ ചില കാരണങ്ങള്‍ ഉണ്ടെന്നാണ് റോഡ് സുരക്ഷാ അതോറിറ്റിയുടെ വിലയിരുത്തല്‍. വാഹനത്തെക്കുറിച്ചോ റോഡിനെക്കുറിച്ചോ ധാരണയില്ലാതെ അതിവേഗമെടുക്കുക, സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക, വേഗപരിധി നിയന്ത്രണം ലംഘിക്കുക, ഡ്രൈവിങ്ങിനിടെ മയക്കുമരുന്ന്, ലഹരി ഉപയോഗം, മൊബൈല്‍ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിങ്, മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ട് അശ്രദ്ധയമായി റോഡ് മുറിച്ചുകടക്കുക, രാത്രിയില്‍ ഹെഡ്ലൈറ്റ് ഡിം ചെയ്യാതിരിക്കുക, വിശ്രമമില്ലാത്ത ഡ്രൈവിങ്, വാഹനങ്ങളുടെ സാങ്കേതികപ്പിഴവ്, റോഡുകളിലെ വെളിച്ചക്കുറവ്, സിഗ്‌നലുകളുടെ അഭാവം എന്നിവയാണ് അപകടത്തിനിടയാക്കുന്ന പ്രധാന കാരണങ്ങള്‍.

Scroll to Top