പോഷണ്‍ മാ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ നിര്‍വഹിച്ചു

കുട്ടികളിലെയും സ്ത്രീകളിലെയും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി വനിത-ശിശു വികസന വകുപ്പ് ജില്ലാ ഐ.സി.ഡി.എസ് സെല്‍ പോഷണ്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പോഷണ്‍ മാ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് നിര്‍വഹിച്ചു. സ്‌കൂള്‍ പരിസരങ്ങളിലെ കടകളില്‍ പോഷകാഹാരം പ്രോത്സാഹിപ്പിക്കുന്നതിനും ഉറപ്പുവരുത്തുന്നതിനും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ക്യാമ്പയിന്‍ ആലോചനയിലുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തെ അടുത്തറിയുന്നതിനുള്ള ‘Know Your Food’ ക്യാമ്പയിനും ആരംഭിക്കും. ആരോഗ്യമുള്ള തലമുറയുണ്ടെങ്കില്‍ മാത്രമേ ആരോഗ്യമുള്ള രാജ്യത്തെ വാര്‍ത്തെടുക്കാനാവൂവെന്നും ഭക്ഷണത്തോടൊപ്പം വ്യായാമവും ശീലമാക്കണമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ സോയ അധ്യക്ഷത വഹിച്ചു. ജില്ലാ വനിത-ശിശു വികസന ഓഫീസര്‍ വി.എ നിഷാമോള്‍, ഐ.സി.ഡി.എസ് സെല്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.കെ ജെംലാ റാണി, പോഷണ്‍ അഭിയാന്‍ ജില്ലാ കോഓഡിനേറ്റര്‍ വിപിന്‍ പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. അഞ്ജലി മോഹന്‍ ക്ലാസെടുത്തു. പരിപാടിയോടനുബന്ധിച്ച് വിവിധ അങ്കണവാടികളുടെ നേതൃത്വത്തില്‍ പോഷകാഹാര പ്രദര്‍ശനം, ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ അനീമിയ പരിശോധന എന്നിവയും സംഘടിപ്പിച്ചു.

Scroll to Top