ഡല്‍ഹി: കുട്ടികള്‍ ഉള്‍പ്പെടുന്ന രാഷ്ട്രീയ വിഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിച്ചതില്‍ മെറ്റയ്ക്കും കേന്ദ്ര ഇലക്ട്രോണിക്‌സ് – ഐടി മന്ത്രാലയത്തിനും മനുഷ്യാവകാശ കമ്മിഷന്റെ നോട്ടിസ്. ഉത്തര്‍ പ്രദേശിലെ ഒരു കോച്ചിങ് സെന്ററിലെ കുട്ടികളുടെ വിഡിയോകളില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങളും ഉണ്ടായിരുന്നു. സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ എറ്റ ജില്ലാ ഭരണകൂടത്തിനും നോട്ടീസ് അയച്ചിട്ടുണ്ട്.
സംഭവത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. കൂടാതെ വീഡിയോയിലുള്ള കുട്ടികളെ കണ്ടെത്തി സുരക്ഷ ഒരുക്കണമെന്നും അവര്‍ക്ക് കൗണ്‍സിലിങ് നല്‍കണമെന്നും നിര്‍ദേശിച്ചു. കുട്ടികളുടെ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചവരെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസിന് നിര്‍ദേശവും നല്‍കി. സ്വമേധയാ കേസെടുക്കാവുന്ന സ്വഭാവമുള്ളതാണെന്ന് ബോധ്യപ്പെട്ടാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും, അതുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ സംരക്ഷിക്കാനും പൊലീസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വീഡിയോ പ്രചരിച്ചതിലാണ് മെറ്റയോട് വിശദീകരണം തേടിയിരിക്കുന്നത്. അതില്‍ നിന്ന് എന്തെങ്കിലും സാമ്പത്തിക നേട്ടമോ വാണിജ്യപരമായ ലാഭമോ ഉണ്ടായിട്ടുണ്ടോ എന്നും, ഡിജിറ്റല്‍ തെളിവുകള്‍ സംരക്ഷിക്കുന്നതിനും ആ ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിനും എന്ത് നടപടികളാണ് സ്വീകരിച്ചതെന്നും മെറ്റയോട് നോട്ടീസില്‍ ചോദിച്ചിട്ടുണ്ട്. ആവശ്യമായ പരിശോധനാ നടപടികള്‍ നടത്തി കുട്ടികളുടെ സുരക്ഷ, പരാതി പരിഹാര സംവിധാനങ്ങള്‍ എന്നിവ പരിശോധിക്കാന്‍ കേന്ദ്ര ഇലക്ട്രോണിക്‌സ് – ഐടി മന്ത്രാലത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.




