അനധികൃത സ്വത്തു സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജനെ സസ്‌പെന്റ് ചെയ്തു

കൊച്ചി: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ പിടിയിലായ ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജനെ സസ്‌പെന്റ് ചെയ്തു. വിജിലന്‍സ് പ്രജനി രാജന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. 14 ലക്ഷം രൂപയും ഡോളറും കണ്ടെത്തിയിരുന്നു. പ്രജനി രാജന്റെ ഓഫീസിലും വീട്ടിലുമായി നടത്തിയ റെയ്ഡിലായിരുന്നു പണം കണ്ടെത്തിയത്. ഡോളര്‍ വിദേശയാത്രയ്ക്ക് വേണ്ടി എടുത്ത് വെച്ചതെന്നാണ് പ്രജനി രാജന്റെ മൊഴി. 14 ലക്ഷം രൂപയും 788 യുഎസ് ഡോളറും 4 പവന്‍ സ്വര്‍ണ കോയിനുമാണ് പിടിച്ചെടുത്തത്.

14 ലക്ഷം രൂപ ലോഡ്ജിന്റെ വാടക എന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. പ്രജനിക്കെതിരെ 8 മാസം മുന്‍പ് ആരംഭിച്ച അന്വേഷണമെന്ന് വിജിലന്‍സ്. സംഭവത്തില്‍ ഇന്‍കം ടാക്‌സിന് കത്ത് നല്‍കും. തേവരയിലെ ജി.എസ്.ടി ജോയിന്റ് കമ്മീഷണര്‍ ഓഫിസ്, പ്രജനിയുടെ പച്ചാളത്തെ വീടുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. രണ്ടേമുക്കാല്‍ കോടി രൂപയോളം അനധികൃത സ്വത്തുസമ്പാദനം നടത്തിയെന്ന പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരുന്നു വിജിലന്‍സ് റെയ്ഡ്.

കീഴ് ഉദ്യോഗസ്ഥര്‍ കണ്ടെത്തുന്ന നികുതി വെട്ടിപ്പ് കേസുകളില്‍ അന്വേഷണത്തിന് ഉത്തരവിടേണ്ടതും വിശദമായ റിപ്പോര്‍ട്ട് നല്‍കേണ്ടതും ജോയിന്റ് കമ്മിഷണറാണ്. നികുതി വെട്ടിപ്പുകാരെ നേരിട്ട് കണ്ട് പണം കൈപ്പറ്റി കേസുകള്‍ ഒത്തു തീര്‍പ്പാക്കുന്നുവെന്നാണ് വിജിലന്‍സിന് ലഭിച്ച പരാതി. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ നിന്ന് പണവും ഡോളറും കണ്ടെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് വിജിലന്‍സ് തീരുമാനം

Scroll to Top