ദില്ലി: ഒക്ടോബര്‍ രണ്ടിന് നടത്താനിരുന്ന ‘നോ യുപിഐ ഡേ’ പ്രതിഷേധത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറി. ഓള്‍ ഇന്ത്യ മൊബൈല്‍ റീട്ടെയിലേഴ്‌സ് അസോസിയേഷനും ഓള്‍ ഇന്ത്യ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷനും ആണ് സമരത്തില്‍ നിന്ന് പിന്മാറിയതായി അറിയിച്ചത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി വ്യാപാര പ്രതിനിധി സംഘം നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് 0.4 ശതമാനം മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ ആണ് മൊബൈല്‍ റീട്ടെയിലര്‍മാരുടെ സംഘടനകള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. പുതിയ നിരക്ക് ചെറുകിട വ്യാപാരികള്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തി വെക്കുമെന്നാണ് പരാതി. ബിജെപി എംപിയും സിഎഐടി ജനറല്‍ സെക്രട്ടറിയുമായ പ്രവീണ്‍ ഖണ്ഡേല്‍വാള്‍, എഐഎംആര്‍എ ഫൗണ്ടര്‍ ചെയര്‍മാന്‍ കൈലാഷ് ലഖിയാനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ധനമന്ത്രിക്ക് സംയുക്ത നിവേദനം സമര്‍പ്പിച്ചത്. എംഡിആര്‍ നടപ്പിലാക്കുന്നത് നീട്ടിവെക്കുക, ഘട്ടം ഘട്ടമായി നടപ്പിലാക്കുക, തുകയുടെ പരിധിയില്‍ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ സംഘം മുന്നോട്ടുവെച്ചു.
വ്യാപാരികള്‍ തമ്മിലുള്ള ഇടപാടുകളെ എംഡിആറില്‍ നിന്ന് ഒഴിവാക്കണമെന്നും റീട്ടെയില്‍, വിതരണ മേഖലയിലെ ആശങ്കകള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. ഉടനടി 0.40 ശതമാനം എംഡിആര്‍ ചുമത്തുന്നതിന് പകരം, ആദ്യ ഘട്ടത്തില്‍ ഇത് 0.20 ശതമാനമായി തുടങ്ങണമെന്നും പിന്നീട് പ്രതിവര്‍ഷം 0.05 ശതമാനം വീതം വര്‍ധിപ്പിച്ച് 0.40 ശതമാനത്തില്‍ എത്തിക്കണമെന്നുമാണ് പ്രതിനിധി സംഘം നിര്‍ദേശിച്ചത്. വ്യാപാരികളുടെ ആശങ്കകള്‍ കേട്ട ധനമന്ത്രി നിര്‍മല സീതാരാമന്‍, പരിഹാരം കണ്ടെത്താമെന്ന് ഉറപ്പു നല്‍കിയെന്നും ഇതിനെ തുടര്‍ന്നാണ് ഒക്ടോബര്‍ 2-ലെ സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും അസോസിയേഷനുകള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.




