തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയിലും മന്ത്രിമാരുടെ വാഹനങ്ങള്‍ക്ക് നേരെയുണ്ടാകുന്ന കരിങ്കൊടി പ്രതിഷേധത്തിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്താനിരുന്ന നൈറ്റ് മാര്‍ച്ചിന് നേരെ ആക്രമണം നടത്തിയതില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എം പി. ഗ്യാനേഷ് കുമാറിനെതിരെ സമരം ചെയ്യുമ്പോള്‍ എന്തിനാണ് ചില പ്രസ്ഥാനക്കാര്‍ തങ്ങള്‍ക്കെതിരെ തിരിയുന്നത്. ഇത് രാജ്യത്തിന്റെ നിലനില്‍പിന് വേണ്ടിയുള്ള സമരങ്ങളാണ്. മന്ത്രിമാരെ തടഞ്ഞതുകൊണ്ട് ഞങ്ങള്‍ പിന്നോട്ട് പോകും എന്ന് കരുതേണ്ട. സമരത്തിന്റെ ഉദ്ദേശം നൂറ് ശതമാനം ജനാധിപത്യപരമാണ് അതിനെ ആര് വഴി തിരിച്ചു വിട്ടാലും അതിന് നിന്ന് കൊടുക്കേണ്ടതില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ഇത് ഇന്ത്യയുടെ നിലനില്‍പ്പിന് വേണ്ടി നടത്തുന്ന സമരമാണ്. SIR വരുന്നതിന് മുന്‍പേ കാര്യങ്ങള്‍ നീക്കി തുടങ്ങിയിട്ടുണ്ട് എന്നാണ് മനസിലാക്കുന്നത് . എന്തുകൊണ്ടാണ് പ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയും പ്രതികരിക്കാത്തത് നരേന്ദ്ര മോദിയുടെ വേലക്കാരനായി ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ ഗ്യാനേഷ് കുമാര്‍ തകര്‍ത്തുവെന്നും എം പി കൂട്ടിച്ചേര്‍ത്തു.
അതേസമയം, യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നില്‍ പൊലീസും വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടി. ഹോസ്റ്റലിന്റെ പരിസരത്തേക്ക് കയറി പൊലീസുകാര്‍ വിദ്യാര്‍ഥികളെ ലാത്തികൊണ്ട് മര്‍ദിക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീപന്തം തിരികെ എറിഞ്ഞതോടെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു.
ഹോസ്റ്റലില്‍ നിന്നാണ് ആദ്യം ആക്രമണം ഉണ്ടായതെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. കറന്റ് കട്ടായപ്പോള്‍ കളിയാക്കിയതോടെ മാര്‍ച്ചിനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആദ്യം ആക്രമിച്ചതെന്നാണ് ഹോസ്റ്റലിലെ വിദ്യാര്‍ഥികളുടെ വാദം. ചേരിതിരിഞ്ഞ് കല്ലേറുണ്ടായി. ഹോസ്റ്റലിനകത്ത് നിന്ന് വിദ്യാര്‍ഥികള്‍ക്ക് നേരെയും പുറത്ത് യൂത്ത് കോണ്‍?ഗ്രസിനെതിരെയും കല്ലേറുണ്ടായി. ഹോസ്റ്റലിനകത്തേക്ക് പ്രവേശിച്ച പൊലീസ് വിദ്യാര്‍ഥികള്‍ക്ക് നേരെ ലാത്തി വീശി. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു.
ഹോസ്റ്റലിലേക്ക് പ്രവര്‍ത്തകര്‍ വലിച്ചെറിഞ്ഞ പന്തങ്ങള്‍ ഹോസ്റ്റലില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മുകളിലായും ജനലുകളിലും വീണിരുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കൂടുതല്‍ സംഘര്‍ഷ സാധ്യത ഒഴിവാക്കുന്നതിനായി മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് യൂത്ത് കോണ്‍?ഗ്രസ് പ്രവര്‍ത്തകരെ സ്ഥലത്ത് നിന്ന് മാറ്റാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയാറായിട്ടില്ല.




