24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം; പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വിജയകരമെന്ന് ആരോഗ്യമന്ത്രി; ഇനി നാല് ജില്ലകളിലേക്ക് കൂടി
തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകളിലെ തിരക്ക് കുറയ്ക്കുന്നതിനും താഴേതട്ടില്‍ വിദഗ്ധ ചികിത്സ അടിയന്തരമായി ലഭ്യമാക്കുന്നതിനുമായി ആരോഗ്യവകുപ്പ് ആരംഭിച്ച 24×7 പ്രതീക്ഷാ സെന്റര്‍ പദ്ധതി പുനലൂരില്‍ വിജയകരമെന്ന് ആരോ?ഗ്യമന്ത്രി കെ മുരളീധരന്‍. പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കിയ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ പ്രവര്‍ത്തനം കണക്കുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയപ്പോള്‍ ശ്രദ്ധേയമായ മാറ്റമാണ് ഉണ്ടായതെന്നും സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കിയതിലൂടെ ജനങ്ങള്‍ക്ക് വലിയ നേട്ടമുണ്ടായെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പദ്ധതി മാതൃകാപരമായി മുന്നോട്ടുപോകുന്നതില്‍ പുനലൂര്‍ എം.എല്‍.എ. സി. അജയപ്രസാദ് സംതൃപ്തി രേഖപ്പെടുത്തിയതായും പദ്ധതി നാല് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നുള്ള റഫറല്‍ കേസുകള്‍ 30 ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞതായി ആശുപത്രി സൂപ്രണ്ട് ഡോ. സുനില്‍ അവലോകന യോഗത്തില്‍ അറിയിച്ചു. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (NHM) സഹായത്തോടെ മൂന്ന് കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാരെയും രണ്ട് വീതം ഗൈനക്കോളജിസ്റ്റ്, അനസ്തറ്റിസ്റ്റ് എന്നിവരെയും ഒരു പീഡിയാട്രീഷ്യനെയും അധികമായി നിയമിച്ചിട്ടുണ്ട്. മൂന്ന് സര്‍ജന്‍മാരെ കൂടി ഉടന്‍ നിയമിക്കും. പദ്ധതി നടപ്പാക്കിയതോടെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ പ്രസവങ്ങളുടെ എണ്ണത്തിലും വര്‍ധനയുണ്ടായതായി സൂപ്രണ്ട് യോഗത്തില്‍ വിശദീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് പദ്ധതി സംസ്ഥാനത്തെ നാല് ജില്ലകളില്‍ കൂടി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി അറിയിച്ചു.
പാലക്കാട് ജില്ലാ ആശുപത്രി, മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി, കോഴിക്കോട് വടകര ജില്ലാ ആശുപത്രി, എറണാകുളം ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് ഒക്ടോബര്‍ അവസാനത്തോടെ 24×7 പ്രതീക്ഷാ സെന്ററുകള്‍ ആരംഭിക്കുന്നത്.
ഈ വര്‍ഷം ഡിസംബര്‍ വരെ പദ്ധതി വിവിധ ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി പ്രവര്‍ത്തനഫലങ്ങള്‍ വിലയിരുത്തിയ ശേഷമായിരിക്കും സംസ്ഥാനതലത്തില്‍ പൂര്‍ണതോതില്‍ നടപ്പാക്കുക. നിലവില്‍ താല്‍ക്കാലിക നിയമനങ്ങളിലൂടെ ആവശ്യമായ ജീവനക്കാരെ ആശുപത്രികളില്‍ വിന്യസിക്കുന്നുണ്ട്. ഇതോടൊപ്പം സ്റ്റാഫ് പാറ്റേണ്‍ പുനഃക്രമീകരിക്കല്‍, പ്രൊവിഷണല്‍ പ്രമോഷന്‍, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍ തുടങ്ങിയ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തി. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അമിത ജോലിഭാരം ഉണ്ടാകാത്ത തരത്തിലായിരിക്കണം പദ്ധതി നടപ്പാക്കേണ്ടതെന്നും ആശുപത്രി സൂപ്രണ്ടുമാര്‍ ഇക്കാര്യം ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ഓരോ ജില്ലയിലും രണ്ട് ആശുപത്രികളെ വീതം പ്രതീക്ഷാ സെന്ററുകളാക്കി മെഡിസിന്‍, ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, പീഡിയാട്രിക്‌സ്, ഗൈനക്കോളജി തുടങ്ങിയ പ്രധാന സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ ജനങ്ങള്‍ക്ക് വീടിന് സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ തന്നെ മുഴുവന്‍ സമയവും വിദഗ്ധ ചികിത്സ ലഭ്യമാക്കാനും മെഡിക്കല്‍ കോളേജുകളിലേക്കുള്ള അനാവശ്യ റഫറലുകള്‍ കുറയ്ക്കാനും സാധിക്കുമെന്നാണ് ആരോ?ഗ്യവകുപ്പിന്റെ വിലയിരുത്തല്‍.
