‘വന്ദേമാതര ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടി’; വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി കാസര്‍കോട് കേന്ദ്ര സര്‍വകലാശാല
കാസര്‍കോട്: കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം സെമിനാറുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി സര്‍വകലാശാല. വന്ദേമാതര ആലാപനം തടഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് സര്‍ക്കുലറിലെ മുന്നറിയിപ്പ്. മൂന്ന് വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കാമെന്ന നിയമഭേദഗതി ചൂണ്ടിക്കാട്ടിയാണ് സര്‍വകലാശാലയുടെ സര്‍ക്കുലര്‍. സര്‍വകലാശാലയുടെ സര്‍ക്കുലര്‍ ഭീഷണിപ്പെടുത്താനുള്ള നീക്കമെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. അതേസമയം, പ്രജ്ഞാ പ്രവാഹ് ദേശീയ കണ്‍വീനര്‍ ജെ. നന്ദകുമാര്‍ സര്‍വകലാശാലയില്‍ എത്തിയാല്‍ തടയുമെന്ന് എസ്എഫ്‌ഐ അറിയിച്ചു.
പ്രതിഷേധം ശക്തമാക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍
കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ വന്ദേമാതരം ദേശീയ സെമിനാര്‍ വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ നീക്കം. ആര്‍എസ്എസ് ആശയ ബന്ധമുള്ളവരെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ച് എന്‍ എസ് യു ഐയും എംഎസ്എഫും ക്യാമ്പസ് വളപ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സര്‍വകലാശാലയെ കാവിവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ ശ്രമമാണ് നടക്കുന്നതെന്നും, പ്രജ്ഞാ പ്രവാഹിന്റെ ദേശീയ കണ്‍വീനര്‍ ജെ നന്ദകുമാര്‍ പരിപാടിയില്‍ പങ്കെടുത്താല്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും കെഎസ്യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂര്‍ പ്രതികരിച്ചു.
