Advertisement

പ്രതിഷേധ സ്വരങ്ങളെ ഇല്ലാതാക്കുന്ന ഏകാധിപത്യ സമീപനം കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഉപേക്ഷിക്കണം: പിണറായി വിജയന്‍

By kcnchannel / October 6, 2026

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ സമാധാനപരമായി പ്രതിഷേധിച്ച പ്രതിപക്ഷ എം.പിമാര്‍ക്ക് നേരെ നടന്ന പൊലീസ് അതിക്രമം അങ്ങേയറ്റം അപലപനീയമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ സംബന്ധിച്ച് ഗൗരവതരമായ ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതിന് മറുപടി പറയേണ്ടത് പ്രതിഷേധിക്കുന്ന ജനപ്രതിനിധികളെ അടിച്ചമര്‍ത്തിക്കൊണ്ടല്ല.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയും സ്വതന്ത്ര സ്വഭാവവും സംരക്ഷിക്കപ്പെടുക എന്നത് ജനാധിപത്യ സംവിധാനത്തിന്റെ നിലനില്‍പ്പിന് തന്നെ അനിവാര്യമാണ്. പ്രതിഷേധ സ്വരങ്ങളെ ഇല്ലാതാക്കുന്ന ഏകാധിപത്യ സമീപനം കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഉപേക്ഷിക്കണം. ഉയര്‍ന്നുവന്ന ജനാധിപത്യപരമായ ചോദ്യങ്ങളോട് കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രതികരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആകാശവാണി ഭവന് സമീപം മാര്‍ച്ച് തടഞ്ഞതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെയും മറ്റ് പ്രതിപക്ഷ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കെ.സി. വേണുഗോപാല്‍ എംപിയെയും കസ്റ്റഡിയിലെടുത്തു.

രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പ്രത്യേകം വാഹനത്തില്‍ കസ്റ്റഡിയിലെടുത്തപ്പോള്‍ മറ്റ് എംപിമാരെയും പ്രവര്‍ത്തകരെയും ബസുകളിലാണ് പൊലീസ് കൊണ്ടുപോയത്. പ്രതിഷേധ മാര്‍ച്ച് ആകാശവാണി ഭവന് സമീപം പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് തടയുകയായിരുന്നു.

തുടര്‍ന്ന് നേതാക്കള്‍ റോഡില്‍ പ്രതിഷേധിച്ചു. ഇതിനിടെ രാഹുല്‍ ഗാന്ധി പൊലീസ് ബാരിക്കേഡിന് മുകളിലേക്ക് കയറി ദേശീയപതാക വീശുകയും ചെയ്തു. പിന്നീട് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആകാശവാണി ഭവന്‍ വളപ്പിലെത്തി പ്രതിഷേധം തുടര്‍ന്നു.

പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടിയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധിച്ചാണ് പ്രതിപക്ഷ എംപിമാര്‍ മാര്‍ച്ച് നടത്തിയത്.തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് പോകാന്‍ ശ്രമിച്ച പ്രതിപക്ഷ നേതാക്കളെ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷാവസ്ഥ ഉണ്ടായത്.