Advertisement

ഹര്‍മന്‍പ്രീത് കൗറിന്റെ പിന്‍ഗാമി, ഇന്ത്യന്‍ വനിത ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും; അരങ്ങേറ്റം സിംബാബ്വെക്കെതിരായ പരമ്പരയില്‍

By kcnchannel / October 6, 2026

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി സ്മൃതി മന്ദാനയെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ ഹര്‍മന്‍പ്രീത് കൗര്‍ എല്ലാ ഫോര്‍മാറ്റുകളിലെയും ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് പ്രഖ്യാപനം. വരാനിരിക്കുന്ന സിംബാബ്വെക്കെതിരായ പരമ്പരയിലായിരിക്കും സ്മൃതി മുഴുവന്‍ സമയ ക്യാപ്റ്റനായി അരങ്ങേറ്റം കുറിക്കുക. ഒക്ടോബര്‍ 16 മുതല്‍ 28 വരെ റായ്പൂരില്‍ നടക്കുന്ന പരമ്പരയില്‍ മൂന്ന് ട്വന്റി-20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യ കളിക്കുക. അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിലും ട്വന്റി-20 ഫോര്‍മാറ്റിലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ മുന്‍പന്തിയിലാണ് ഈ ഇടങ്കയ്യന്‍ ബാറ്റര്‍.

ക്യാപ്റ്റനായി വലിയ പരിചയസമ്പത്തുള്ള താരമാണ് സ്മൃതി മന്ദാന. മുമ്പ് 18 ട്വന്റി-20 മത്സരങ്ങളിലും നാല് ഏകദിനങ്ങളിലും അവര്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. കൂടാതെ വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 2024-ലും 2026-ലും കിരീടത്തിലേക്ക് നയിച്ചതും സ്മൃതിയുടെ ക്യാപ്റ്റന്‍സി മികവിലായിരുന്നു.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ മുന്‍നിര താരങ്ങളിലൊരാളായ സ്മൃതി മന്ദാന ടീമിന്റെ എല്ലാ ഫോര്‍മാറ്റുകളിലെയും മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് ബിസിസിഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 2013 മുതല്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായ സ്മൃതി വലിയ അനുഭവസമ്പത്തുമായാണ് ഈ സുപ്രധാന ചുമതല ഏറ്റെടുക്കുന്നതെന്നും, ടീം പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന ഈ നിര്‍ണായക സമയത്ത് നേതൃത്വം നല്‍കാന്‍ അവര്‍ തികച്ചും യോഗ്യയാണെന്നും ബിസിസിഐ കൂട്ടിച്ചേര്‍ത്തു. സിംബാബ്വെക്കെതിരായ ഏകദിന, ടി20 ടീമുകളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ ഹര്‍മന്‍പ്രീത് കൗര്‍ ഇരു ടീമുകളിലെയും നിര്‍ണായക സാന്നിധ്യമാണ്.