മാസപ്പടി-ഹവാല ആരോപണം; പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കും, ഹൈക്കോടതി ഉത്തരവ് അനുസരിച്ച് എഫ്‌ഐആര്‍ ഇടും
കൈക്കൂലി-ഹവാല ആരോപണങ്ങളില്‍ പിണറായിക്കും റിയാസിനുമെതിരെ കേസെടുക്കുന്നതില്‍ തീരുമാനം ഇന്നുണ്ടായേക്കും. എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് ഇന്നലെ വിജിലന്‍സ് ഡയറക്ടറേറ്റില്‍ ലഭിച്ചു. ഏത് യൂണിറ്റില്‍ കേസെടുക്കണം എന്നതിലും തീരുമാനം വന്നേക്കും.
തിരുവനന്തപുരം: മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കും. തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റായിരിക്കും കേസെടുക്കുക. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാകും വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. തിങ്കളാഴ്ച എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും എന്നാണ് വിവരം. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് ഇന്നലെ വിജിലന്‍സ് ഡയറക്ടറേറ്റില്‍ ലഭിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് വിജിലന്‍സ് ഡയറക്ടറേറ്റ് പരിശോധിക്കുകയാണ്. ക്രൈംബ്രാഞ്ച് ഇതേവരെയുളള അന്വേഷണ രേഖകള്‍ വിജിലന്‍സിന് കൈമാറിയിട്ടുണ്ട്.
സര്‍ക്കാര്‍ അപ്പീല്‍ പോകില്ല
മാസപ്പടിയില്‍ കേസെടുക്കമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. കോടതി നിര്‍ദേശം അനുസരിച്ച് അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് കേസെടുക്കും. ഉത്തരവ് അനുസരിക്കുമെന്നും സര്‍ക്കാര്‍ അനാവശ്യ ധൃതി കാണിച്ചില്ലെന്നും മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചിരുന്നു. പ്രാഥമികാന്വേഷണത്തിന് എസ്‌ഐടി രൂപീകരിച്ചത് റദ്ദാക്കിയത് ഉള്‍പ്പെടെ സര്‍ക്കാരിനും കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത് എല്‍ഡിഎഫിനും തിരിച്ചടിയാണ്. ഇഡി സമര്‍പ്പിച്ച വിവരങ്ങളില്‍ കേസെടുക്കുന്നതിന് മതിയായ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അഴിമതിക്ക് വ്യക്തമായ തെളിവുകളുണ്ടായിട്ടും കേസെടുത്ത് മുന്നോട്ട് പോകുന്നതിന് പകരം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി ഉത്തരവിലുണ്ട്. എസ്‌ഐടി രൂപീകരണം നിയവിരുദ്ധമെന്ന ഹൈക്കോടതി നിരീക്ഷണം സംസ്ഥാനസര്‍ക്കാരിനും വലിയ തിരിച്ചടിയാണ്. കാലതാമസമില്ലാതെ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.
