Advertisement

ഗാന്ധി ജയന്തി വാരാഘോഷം സമാപിച്ചു

By kcnchannel / October 10, 2026

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഒക്ടോബര്‍ രണ്ട് മുതല്‍ സംഘടിപ്പിച്ചു വരുന്ന ഗാന്ധി ജയന്തി വാരാഘോഷത്തിന് സമാപനമായി. കോളേജ്, ഹൈ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ്, പ്രസംഗ മത്സരത്തില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കാസര്‍കോട്് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമാപന ചടങ്ങില്‍ അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് പി.ഉദയകുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മധുസൂദനന്‍ എം അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ റിജു മാത്യു മുഖ്യാതിഥിയായി. ഹുസൂര്‍ ശിരസ്തദാര്‍ നിസാമുദ്ദീന്‍, കെ.വി രാഘവന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് എഡിറ്റര്‍ എ.പി ദില്‍ന സ്വാഗതവും അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.പി നൗഷാദ് നന്ദിയും പറഞ്ഞു.

ഹാത്മാഗാന്ധിയുടെ ജീവിതം, ആശയങ്ങള്‍, സ്വാതന്ത്ര്യസമരം, ദേശീയ പ്രസ്ഥാനം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയ ക്വിസ് മത്സരത്തില്‍ ചെമ്മനാട് സ്‌കൂളിലെ വിദ്യാര്‍ഥികളായ ശ്രീഹരി പി., ദേവ്ന രതീഷ് എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജി.എച്ച്.എസ്.എസ്. ഉദിനൂര്‍ വിദ്യാര്‍ഥികളായ ആരാധ്യ നായര്‍, അനന്യ കെ. എന്നിവര്‍ രണ്ടാം സ്ഥാനവും രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നീലേശ്വരം വിദ്യാര്‍ഥികളായ കാര്‍ത്തിക് മനു, ഹരിഗോവിന്ദ് സി. എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.

കോളജ് വിഭാഗത്തില്‍ ഇ. കെ. നായനാര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളജ്, എളേരിത്തട്ട് വിദ്യാര്‍ഥികളായ സ്വാതിലക്ഷ്മി കെ., രസ്ന കെ. വി. എന്നിവര്‍ ഒന്നാം സ്ഥാനം നേടി. സൈനബ് മെമ്മോറിയല്‍ ബി.എഡ്. സെന്റര്‍, ചേര്‍ക്കളയിലെ സേതുലക്ഷ്മി വി. എസ്, ശബരീഷ് എം. എന്നിവര്‍ രണ്ടാം സ്ഥാനവും നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, കാഞ്ഞങ്ങാട് വിദ്യാര്‍ഥികളായ എബിന്‍ ജോസ് ബെന്‍, സുവിത എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പുതിയ ലോക ക്രമത്തില്‍ ഗാന്ധിയന്‍ സമര രീതികളുടെ പ്രസക്തി എന്ന വിഷയത്തില്‍ കോളേജ് വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ മത്സരത്തില്‍ നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ എബിന്‍ ജോസ് ബെന്‍ ഒന്നാം സ്ഥാനവും മായിപ്പാടി ഡയറ്റിലെ ഫാത്തിമത്ത് നദീല രണ്ടാം സ്ഥാനവും നേടി.

ഗാന്ധി ദര്‍ശനങ്ങളുടെ പ്രസ്‌ക്തി എന്ന വിഷയത്തില്‍ ഹൈ സ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പ്രസംഗ മത്സരത്തില്‍ കെ.എസ്. അബ്ദുല്ല സ്‌കൂളിലെ നബ്ഹാന്‍ നൗഷാദ് ഒന്നാം സ്ഥാനവും ചെമ്മനാട് ജി.എച്ച്.എസ്.എസിലെ എസ്. ശ്രീനന്ദ രണ്ടാം സ്ഥാനവും കുറ്റിക്കോല്‍ ജി.എച്ച്.എസ്.എസിലെ വി. വേദസ്മൃതി മൂന്നാം സ്ഥാനവും നേടി.