ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധം; പിണറായി അടക്കമുള്ള സിപിഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് ദില്ലി പൊലീസ്
എം എ ബേബി, പി കെ ശ്രീമതി, കെ കെ ശൈലജ എന്നിവരെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളെ തടഞ്ഞു.
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച സിപിഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് ദില്ലി പൊലീസ്. കേരള ഹൈസില്‍ നിന്ന് മാര്‍ച്ചിന് ഒരുങ്ങുന്നതിനിടെയായിരുന്നു നടപടി. പിണറായി വിജയന്‍, സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, പി കെ ശ്രീമതി, കെ കെ ശൈലജ, എന്നിവരെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധവുമായി എത്തിയ പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളെ പൊലീസ് തടഞ്ഞു. നടക്കുന്നത് ജനാധിപത്യ ധ്വംസനമെന്ന് പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സിജെപി സമരത്തിന് പിന്തുണ കൊടുക്കേണ്ടത് ജനാധിപത്യത്തിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിരിഞ്ഞ് പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടങ്കിലും ജന്തര്‍മന്തറിലേക്ക് പോകുമെന്ന് നേതാക്കള്‍ പൊലീസിനെ അറിയിച്ചു.
വ്യാപക കസ്റ്റഡിയുമായി ദില്ലി പൊലീസ്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനത പാര്‍ട്ടിയുടെ ജന്തര്‍ മന്തര്‍ സമരം ഉടന്‍ തുടങ്ങാനിരിക്കെ വ്യാപക കസ്റ്റഡിയുമായി ദില്ലി പൊലീസ്. സമരവേദിയിലേക്ക് എത്തുംമുന്‍പേ തന്നെ നൂറുകണക്കിന് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് മാറ്റി. കേന്ദ്ര സായുധ സേനാ വിഭാഗങ്ങള്‍ അടക്കം അര ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് തലസ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത്. 45 മെട്രോ സ്റ്റേഷനുകള്‍ അടച്ചു. 254 ട്രെയിനുകള്‍ റദ്ദാക്കുകയോ സമയം മാറ്റുകയോ ചെയ്തു. കൊണാട്ട് പ്ലേസിന് ചുറ്റുമുള്ള മാര്‍ക്കറ്റുകള്‍ അടച്ചു. ജന്‍പഥ് ജംഗ്ഷന്റെ 4 കിലോമീറ്റര്‍ ചുറ്റളവില്‍ ഇന്റര്‍നെറ്റ് റദ്ദാക്കി.
