Advertisement

മെസിയുടെ പേരിലെ തട്ടിപ്പ്: മുന്‍ കായിക മന്ത്രി അബ്ദു റഹ്‌മാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടാന്‍ സര്‍ക്കാര്‍

By kcnchannel / October 10, 2026

തിരുവനന്തപുരം: 2022 ലോകകപ്പ് നേടിയ അര്‍ജന്റീന ടീമിനെയും നായകന്‍ ലയണല്‍ മെസിയേയും കേരളത്തില്‍ കൊണ്ടുവരുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുന്‍ കായിക മന്ത്രി വി അബ്ദു റഹ്‌മാനെതിരെ അഴിമതിനിരോധന കേസെടുക്കുന്നതിന് അനുമതി തേടി ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കും. വി അബ്ദു റഹ്‌മാന്‍, പ്രൈവറ്റ് സെക്രട്ടറി സത്യപാലന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റും മുന്‍ ഫുട്‌ബോള്‍ താരവുമായ യു ഷറഫലി എന്നിവര്‍ക്കെതിരെ അഴിമതി തടയല്‍ നിയമപ്രകാരം അന്വേഷണം നടത്താന്‍ അനുമതി തേടിയാണ് എസ് ഐ ടി റിപ്പോര്‍ട്ട് നല്‍കിയത്. മുന്‍ മന്ത്രിയെന്ന നിലയിലാണ് ഗവര്‍ണറുടെ അനുമതി തേടാന്‍ തീരുമാനിച്ചതെന്ന് ആഭ്യന്തരവകുപ്പ് വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ ശബരിമല സ്വര്‍ണകൊള്ള കേസില്‍ മുന്‍ ദേവസ്വം അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ അഴിമതി നിരോധന വകുപ്പ് ചുമത്തിയപ്പോള്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നല്ല. ഹൈക്കോടതി നിര്‍ദ്ദേശമുള്ളതുകൊണ്ടാണ് പ്രത്യേക അനുമതി വാങ്ങാതിരുന്നതെന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്.

അബ്ദുറഹ്‌മാനും ആന്റോയുമടക്കം 5 പേര്‍ പ്രതികളാകും

അതേസമയം മെസിയുടെ പേരിലെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ആദ്യഘട്ടത്തില്‍ അഞ്ചുപേരെ പ്രതിചേര്‍ക്കാനാണ് തീരുമാനം. ആന്റോ അഗസ്റ്റിന്‍, റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി, മുന്‍ കായിക മന്ത്രി വി അബ്ദു റഹ്‌മാന്‍, അബ്ദു റഹ്‌മാന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി സി സത്യപാലന്‍, മുന്‍ ഫുട്‌ബോള്‍ താരം ഷറഫലി എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കും. നിലവിലുള്ള എഫ് ഐ ആറില്‍ അഴിമതിക്കുറ്റം കൂടി ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ് ഐ ടി) വിലയിരുത്തല്‍. കേസിലെ ഗൂഢാലോചന കുറ്റമാണ് പ്രധാനമായും ആന്റോ അഗസ്റ്റിനെതിരെ ചുമത്തുന്നത്. അതേസമയം സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍, ജി സി ഡി എ (GCDA) എന്നീ സ്ഥാപനങ്ങള്‍ക്കെതിരായ കുറ്റപത്രം വിശദമായ അന്വേഷണത്തിന് ശേഷം മാത്രമായിരിക്കും തീരുമാനിക്കുക. എ ഡി ജി പി പി. വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണം അതിവേഗമാണ് പുരോഗമിക്കുന്നത്. ആന്റോ അഗസ്റ്റിനും, റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിംഗ് കമ്പനിയുമാണ് നിലവില്‍ പ്രതിപട്ടികയിലുള്ളത്. വഞ്ചനയും ഗൂഢാലോചനയും മാത്രമല്ല, മന്ത്രി തലത്തിലെ ഗൂഢാലോചനയുമുണ്ടെന്നാണ് എസ് ഐ ടിയുടെ കണ്ടെത്തല്‍. മുന്‍ കായികമന്ത്രി വി അബ്ദു റഹ്‌മാനും ഓഫീസും സെക്രട്ടറിയേറ്റ് ചട്ടങ്ങള്‍ മറികടന്ന് സ്‌പോണ്‍സര്‍ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടിയിരുന്നു. ഇതോടെയാണ് കേസില്‍ 5 പേരെ ആദ്യഘട്ടത്തില്‍ തന്നെ പ്രതികളാക്കാനുള്ള നീക്കം.