Advertisement

മാസപ്പടി കേസ്: പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ചോദ്യം ചെയ്യാന്‍ ED

By kcnchannel / October 15, 2026

തിരുവനനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, പിഎ മുഹമ്മദ് റിയാസ് എന്നിവരെ ചോദ്യം ചെയ്യാന്‍ ഇഡി. ഇരുവരുടെയും സ്വത്ത് വിവരങ്ങളില്‍ വിശദമായ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് ഇഡി. വിജിലന്‍സ് എഫ്‌ഐആറുകളുടെ അടിസ്ഥാനത്തില്‍ പിണറായി വിജയനും പി എ മുഹമ്മദ് റിയാസിനും എതിരെ ഇ.ഡി കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കേസെടുത്തിരുന്നു.

വീണയ്ക്ക് സിഎംആര്‍എല്ലില്‍ ലഭിച്ച പണം പിണറായി വിജയനുള്ള കൈകൂലി എന്നാണ് ഇഡി കണ്ടെത്തല്‍. ഹവാല ഇടപാടുകളാണ് പി എ മുഹമ്മദ് റിയാസിനെതിരെ ഉന്നയിച്ചിട്ടുള്ളത്. ഇതോടെ സിഎംആര്‍എല്‍ എക്‌സാലോജിക് ദുരൂഹ ഇടപാടില്‍ രജിസ്റ്റര്‍ ചെയ്ത ഇസിഐആറുകളുടെ എണ്ണം മൂന്നായി.

അതിനിടെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന് എതിരെ അപ്പീല്‍ നിലനില്‍ക്കുമോ എന്നതില്‍ ഡിവിഷന്‍ ബെഞ്ച് ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ കെ നടരാജന്‍, ജോണ്‍സന്‍ ജോണ്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പറയുക. പി എ മുഹമ്മദ് റിയാസ്, ടി വീണ, ഹസന്‍ വാരിസ് എന്നിവരും അപ്പീല്‍ അനുമതി അപേക്ഷ നല്‍കിയിട്ടുണ്ട്.