PM ശ്രീയില്‍ നിന്ന് പിന്മാറാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനില്ല; തുടര്‍നടപടി ഉപസമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്; മന്ത്രി എന്‍ ഷംസുദ്ദീന്‍
തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനില്ലന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. പദ്ധതിയില്‍ നിന്ന് പിന്മാറുമോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിനാണ് നിയമസഭയിലെ മറുപടി. ഉപസമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ആയിരിക്കും തുടര്‍നടപടി എന്നും മന്ത്രി പറഞ്ഞു. പദ്ധതി അറബിക്കടലില്‍ എറിയാന്‍ ആര്‍ജ്ജവം ഉണ്ടെന്ന് പറഞ്ഞ യുഡിഎഫ് നേതാക്കള്‍ ഈ സഭയില്‍ ഉണ്ടെന്ന് സിപിഐഎം നേതാവ് കെഎന്‍ ബാലഗോപാല്‍ എംഎല്‍എ.
കേന്ദ്ര സര്‍ക്കാരുമായുള്ള കരാര്‍ വിദ്യാഭ്യാസ മന്ത്രി സഭയില്‍ വായിച്ചു. കഴിഞ്ഞ സര്‍ക്കാരാണ് ധാരണ പത്രത്തില്‍ ഒപ്പിട്ടത്. പിന്മാറാന്‍ കഴിയില്ലെന്ന് മുന്‍ സര്‍ക്കാരിനും അറിയാവുന്ന കാര്യമാണ്. കഴിഞ്ഞ സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കാമെന്ന് സമ്മതിച്ചാണ് ഒപ്പിട്ടത്. ആ പ്രതിസന്ധിയാണ് ഇപ്പോഴുള്ള സര്‍ക്കാരിന്റെ മുന്നിലുള്ളത്. പദ്ധതിയില്‍ നിന്ന് മാറാന്‍ കഴിയുക കേന്ദ്രസര്‍ക്കാരിന് മാത്രമാണെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍ പറഞ്ഞു.
വിഷയത്തില്‍ നിയമിച്ച സബ് കമ്മിറ്റി രണ്ട് പ്രാവശ്യം യോഗം ചേര്‍ന്നു. റിപ്പോര്‍ട്ട് വരുന്നതനുസരിച്ച് നടപടിയെടുക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ ഉപസമിതി ഒരു യോഗം പോലും ചേര്‍ന്നിരുന്നില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ ഉപസമിതി ഏഴുമാസം അടയിരുന്നത് മാത്രമേയുള്ളൂവെന്ന് മന്ത്രി കുറ്റപ്പെടുത്തി. പി എം ശ്രീ നടപ്പാക്കാത്തതുകൊണ്ട് കേന്ദ്ര വിഹിതം തടഞ്ഞുവച്ചിരിക്കുകയാണെന്നും മന്ത്രി സഭയെ അറിയിച്ചു. 1607 കോടിരൂപയാണ് തടഞ്ഞുവച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
പി എം ശ്രീ പദ്ധതിയുടെ കാലാവധി 2022 – 27 വരെയാണ്. 2027 മാര്‍ച്ചില്‍ കാലാവധി അവസാനിക്കും. തുടരുമെന്ന കാര്യം രേഖാമൂലം കേന്ദ്രം അറിയിച്ചിട്ടില്ല. എന്നാല്‍ ചില യോഗങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. തടഞ്ഞു വച്ചിരിക്കുന്ന പണം ലഭിക്കാന്‍ കേസിന് പോകാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെഎന്‍ ബാല?ഗോപാല്‍ ആവശ്യപ്പെട്ടു. കേസിന് പോകാന്‍ തയ്യാറുണ്ടോ എന്ന് സര്‍ക്കാരിനെ കെ എന്‍ ബാലഗോപാല്‍ വെല്ലുവിളിച്ചു. പ്രതിസന്ധി ഉണ്ടാക്കിയിട്ട് ഉപദേശിച്ചിട്ട് കാര്യമില്ലെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍ മറുപടി നല്‍കി.
