Advertisement

ഇനി സമരം ഇല്ല; മീറ്റര്‍ റീഡര്‍മാര്‍ ഇനി സമരത്തിന് ഇല്ല: വൈദ്യുതി വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ച വിജയം

By kcnchannel / October 15, 2026

തിരുവനന്തപുരം: മീറ്റര്‍ റീഡര്‍മാര്‍ ഇനി സമരത്തിന് ഇല്ല. വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്മുമായി നടത്തിയ ചര്‍ച്ച വിജയം. വിഷയങ്ങള്‍ അനുഭവപൂര്‍വ്വം പരിഗണിക്കും എന്ന് മന്ത്രിയുടെ ഉറപ്പ്. മീറ്റര്‍ റീഡര്‍മാരുടെ വിഷയം പഠിക്കാന്‍ ഒരു സമിതിയെ നിശ്ചയിക്കും. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഇന്നു നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിവിധ യൂണിയനുകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജോലിയില്‍ നിന്ന് പുറത്താക്കിയ മീറ്റര്‍ റീഡര്‍മാരെ തിരിച്ചെടുക്കാനും ധാരണയായിട്ടുണ്ട്.

മീറ്റര്‍ റീഡര്‍മാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മീറ്റര്‍ റീഡര്‍മാരുടെ പ്രധാന ആവശ്യങ്ങളും പരാതികളും പരിഹരിക്കാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ഒക്ടോബര്‍ ഒന്നുമുതലാണ് കെഎസ്ഇബിയിലെ ഒരു വിഭാഗം മീറ്റര്‍ റീഡര്‍മാര്‍ സമരം ആരംഭിച്ചത്. വേതനവര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ഉപഭോക്താക്കളുടെ മീറ്റര്‍ റീഡിങ്ങിനൊപ്പം മാക്‌സിമം ഡിമാന്‍ഡ് (ആര്‍എംഡി) കൂടി രേഖപ്പെടുത്താന്‍ നിര്‍ദേശിച്ചതാണ് പ്രധാന തര്‍ക്കവിഷയങ്ങളിലൊന്ന്. ആര്‍എംഡി രേഖപ്പെടുത്തുന്നതിന് ഓരോ വീട്ടിലും കൂടുതല്‍ സമയം ചെലവഴിക്കേണ്ടിവരുമെന്നാണ് മീറ്റര്‍ റീഡര്‍മാരുടെ നിലപാട്.

ഇതിനായി ഒരു വീട്ടില്‍ ഏകദേശം 20 മിനിറ്റ് വരെ വേണ്ടിവരുമെന്നും ചില മീറ്ററുകളില്‍ ആര്‍എംഡി രേഖപ്പെടുത്താനുള്ള സൗകര്യമില്ലെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അധിക ജോലിഭാരത്തിന് ആനുപാതികമായി വേതനം വര്‍ധിപ്പിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതുസംബന്ധിച്ച് കെഎസ്ഇബി മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സമരം ശക്തമാക്കുകയായിരുന്നു.