Advertisement

‘കിഫ്ബിയുടെ അക്കൗണ്ടില്‍ 6,521 കോടി രൂപ മാത്രം’; 30,000 കോടി രൂപയുണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി

By kcnchannel / October 16, 2026

തിരുവനന്തപുരം: കിഫ്ബി അക്കൗണ്ടില്‍ 30,000 കോടി രൂപയുണ്ടെന്ന മുന്‍ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍. അക്കൗണ്ടില്‍ 6,521 കോടി രൂപ മാത്രം. അത്രയും പണം ഉണ്ടായിരുന്നെങ്കില്‍ 2026 മാര്‍ച്ച് 31 ആയപ്പോള്‍ 6,521 കൂടി ആയത് എങ്ങനെ എന്ന് മുഖ്യമന്ത്രി ചോദിച്ചു. കിഫ്ബിയുടെ ചെയര്‍മാനായിരുന്ന പിണറായി വിജയനും മുന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലും ഉത്തരം നല്‍കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ കുറിപ്പ് ഇങ്ങനെ:

കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) സമഗ്ര അവലോകനത്തിനായുള്ള കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ മുന്‍ ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കിഫ്ബിയുടെ കൈവശം ‘30,000’ കോടി രൂപ പണമായും നിക്ഷേപമായും ഉണ്ടെന്നും ഇതിലാണ് ഈ സര്‍ക്കാരിന്റെ കണ്ണ് എന്നാണ് പറഞ്ഞിരിക്കുന്നത്.

എന്നാല്‍ കിഫ്ബിയുടെ വെബ്സൈറ്റില്‍ ലഭ്യമായ ഓഡിറ്റ് രേഖകളില്‍ നിന്നും 2026 മാര്‍ച്ച് 31ലെ കിഫ്ബിയുടെ ആകെ നീക്കിയിരിപ്പ് 10,633 കോടി രൂപയാണ്. ഇതില്‍ 4,128 കോടി രൂപ സര്‍ക്കാരിന്റെ തന്നെ ട്രഷറി കോര്‍പ്പസ് ഫണ്ട് ആണ്. ഇത് കിഴിച്ചാല്‍ കിഫ്ബിയുടെ ആകെ നിക്ഷേപം 6,521 കോടി രൂപയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കിഫ്ബിയുടെ പണമായും നിക്ഷേപമായും ഉണ്ടായിരുന്നത് 6521 കോടി രൂപയാണെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. പക്ഷെ, കിഫ്ബിയുടെ കടബാധ്യത 32,000 കോടി രൂപയോളമാണ്.

അങ്ങനെയെങ്കില്‍ സുപ്രധാനമായ ഒരു ചോദ്യമുയരുന്നു. മുന്‍ മന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞ കിഫ്ബിയുടെ കൈവശമുള്ള ‘30,000’ കോടി രൂപ 2026 മാര്‍ച്ച് 31 ആയപ്പോള്‍ 6521 കോടി ആയത് എങ്ങിനെ?

കിഫ്ബിയുടെ മുന്‍ ചെയര്‍മാനും അന്നത്തെ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവായ പിണറായി വിജയനും മുന്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലും ഈ ചോദ്യത്തിന് മറുപടി നല്‍കണം.