Advertisement

വികസന കാഴ്ചപ്പാടോടെയാണ് കണ്ണൂരില്‍ ഭൂമി ഏറ്റെടുത്തത്; കിഫ്ബിയുടെ സാമ്പത്തിക നിലയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തോമസ് ഐസക്

By kcnchannel / October 17, 2026

കണ്ണൂര്‍: വികസന കാഴ്ചപ്പാടോടെയാണ് കണ്ണൂരില്‍ ഭൂമി ഏറ്റെടുത്തതെന്നും കിഫ്ബിയുടെ സാമ്പത്തിക നിലയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുന്‍ ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയുടെ ആകെ ഫണ്ട് ഏകദേശം 24,000 കോടി രൂപയാണെന്നാണ് ഐസക്കിന്റെ വിശദീകരണം. ഇതില്‍ 10,000 കോടി രൂപ നിലവില്‍ അക്കൗണ്ടിലുണ്ടെന്നും 7000 കോടി രൂപ നികുതിവിഹിതമായും മറ്റൊരു 7000 കോടി രൂപ വായ്പയായി അനുവദിച്ചിട്ടുണ്ടെങ്കിലും ലഭിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബിക്ക് തിരിച്ചടയ്ക്കാനുള്ള ബാധ്യതകളും പലിശയും ഉണ്ടെന്നത് വസ്തുതയാണെന്നും എന്നാല്‍ അതിന്റെ പേരില്‍ ആശങ്ക സൃഷ്ടിക്കേണ്ടതില്ലെന്നും ഐസക് പറഞ്ഞു. കിഫ്ബിയെ വിമര്‍ശിക്കുന്നവര്‍ കേരളത്തിലെ അടിസ്ഥാനസൗകര്യ വികസനത്തിന് പകരം എന്ത് സംവിധാനമാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് വ്യക്തമാക്കണം. കിഫ്ബിയെ തള്ളിക്കളയുന്നതിനു മുമ്പ് ബദല്‍ മാര്‍ഗങ്ങള്‍ അവതരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ സര്‍ക്കാരിന്റേതാണ്. കിഫ്ബി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുകയാണ് ചെയ്യുന്നത്. ഭൂമിക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് നിയമപ്രകാരമാണ്. ന്യായവിലയുടെ അഞ്ചിരട്ടി നഷ്ടപരിഹാരം നല്‍കിയെന്ന മുഖ്യമന്ത്രി വി.ഡി സതീശന്റെ പ്രസ്താവനയുടെ കൃത്യത തനിക്കറിയില്ലെന്നും എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചായിരിക്കണം നഷ്ടപരിഹാരമെന്നും തോമസ് ഐസക് വ്യക്തമാക്കി.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് പാസാക്കിയ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് നഷ്ടപരിഹാരം നിശ്ചയിക്കേണ്ടത് അത് പ്രകാരമാണ് വില തീരുമാനിച്ചത്. ദേശീയപാതാ വികസനത്തിനായി ഭൂമി ഏറ്റെടുത്തപ്പോഴും നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് നഷ്ടപരിഹാരം നിശ്ചയിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.