സുപ്രീം കോടതി വിധിക്ക് പിന്നാലെ ഇഡിയും വേഗം കുറയ്ക്കുന്നു, പിണറായിക്കുള്ള സമന്‍സ് നിലനില്‍ക്കും; ഹാജരായില്ലെങ്കില്‍ നിയമോപദേശം തേടും, തിടുക്കം കാട്ടില്ല
എക്സാലോജിക് കേസില്‍ സുപ്രീം കോടതി വിധിക്ക് പിന്നാലെ ഇഡി നടപടികള്‍ മന്ദഗതിയിലാക്കുന്നു. വെള്ളിയാഴ്ച ഹാജരാകാന്‍ പിണറായിക്ക് സമന്‍സ് നല്‍കിയിട്ടുണ്ടെങ്കിലും ഹൈക്കോടതി വിധി വന്ന ശേഷം മാത്രമേ തുടര്‍നടപടികള്‍ ഉണ്ടാകൂ. ഹാജരായില്ലെങ്കില്‍ നിയമോപദേശം തേടാനാണ് തീരുമാനം
കൊച്ചി: സി എം ആര്‍ എല്‍ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സുപ്രീം കോടതിയില്‍ നിന്ന് ആശ്വാസകരമായ വിധി ഉണ്ടായതിന് പിന്നാലെ ഇ ഡി കേസിലും തിടുക്കപ്പെട്ടുള്ള നടപടികള്‍ ഉണ്ടാകില്ല. ഈ വെള്ളിയാഴ്ച പിണറായിക്ക് ഹാജരാകാന്‍ സമന്‍സ് നല്‍കിയിട്ടുണ്ടെങ്കിലും ഭാവി നടപടികള്‍ ആലോചിച്ചായിരിക്കും കൈക്കൊള്ളുക. ഇ ഡി സ്‌പെഷ്യല്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് അഭിഭാഷകരുമായി യോഗം ചേര്‍ന്നാകും തുടര്‍ നടപടികള്‍ ആലോചിക്കുക. ഹൈക്കോടതിയില്‍ ഇ ഡി നടപടികള്‍ ചോദ്യം ചെയ്തുള്ള പിണറായിയുടെ അപ്പീല്‍ നിലനില്‍ക്കുന്നതിനാലാണ് തിടുക്കപ്പെട്ടുള്ള നീക്കം വേണ്ടെന്ന ആലോചനയിലേക്ക് അന്വേഷണ സംഘം എത്തിയത്. പക്ഷേ പിണറായിക്ക് കഴിഞ്ഞ ദിവസം നല്‍കി സമന്‍സ് നിലനില്‍ക്കുമെന്ന് ഇ ഡി വ്യക്തമാക്കി. ഹാജരായില്ലെങ്കില്‍ നിയമോപദേശം തേടാനാണ് തീരുമാനം. എങ്കിലും അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം വരുന്നത് വരെ കാത്തിരിക്കും. വിജിലന്‍സ് കേസിലെ ഇന്നത്തെ സുപ്രീംകോടതി ഉത്തരവ് ഇ ഡിക്ക് തിരിച്ചടിയല്ലെന്നാണ് അനുമാനം. ഇ ഡിയുടെ കേസിലെ അന്വേഷണത്തിന് തടസമില്ലെങ്കിലും, വിജിലന്‍സ് അന്വേഷണം ഒരാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ട പശ്ചാത്തലത്തില്‍ തത്കാലത്തേക്ക് തുടര്‍നീക്കങ്ങള്‍ ഉണ്ടാകില്ല.
പിണറായിക്ക് ആശ്വാസ വിധി
അതേസമയം സി എം ആര്‍ എല്‍ – എക്‌സാലോജിക് ഇടപാടിലെ വിജിലന്‍സ് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സുപ്രീംകോടതിയില്‍ നിന്നുണ്ടായത് ആശ്വാസ വിധിയാണ്. പിണറായിക്കും മകള്‍ വീണയ്ക്കും മുന്‍ മന്ത്രി മുഹമ്മദ് റിയാസിനും എതിരായ വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. കേസില്‍ എഫ് ഐ ആര്‍ ഇട്ട് അന്വേഷണം വേണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ പിണറായി നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് കേള്‍ക്കേണ്ടതായിരുന്നുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസുമായി വിജിലന്‍സിന് മുന്നോട്ട് പോകാമെന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ കോടതി, പ്രതികളുടെ ഭാഗം കേള്‍ക്കാന്‍ നിര്‍ദേശിച്ചു. ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഇത്ര വേഗം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതെന്തിന് എന്ന് ചോദിച്ച കോടതി, സംസ്ഥാന സര്‍ക്കാരിന്റെ വേഗത്തെ പരിഹസിക്കുകയും ചെയ്തു. ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവര്‍ അടങ്ങിയ ബഞ്ചാണ് നവരാത്രി അവധിയായിരുന്നിട്ടും പ്രത്യേക സിറ്റിംഗ് നടത്തി പിണറായി അടക്കമുള്ളവരുടെ ഹര്‍ജി പരിഗണിച്ചത്.
