ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാകുന്നതുവരെ ഇന്ത്യയില്‍ തുടരാം; നടന്‍ ഇമ്രാന്‍ ഖാന് താത്കാലിക ആശ്വാസം
മുംബൈ: രാജ്യം വിടണമെന്ന നോട്ടീസില്‍ ബോളിവുഡ് നടന്‍ ഇമ്രാന്‍ ഖാന് താത്കാലിക ആശ്വാസം. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാകുന്നതുവരെ ഇന്ത്യയില്‍ തുടരാമെന്ന് ബോംബെ ഹൈക്കോടതി അറിയിച്ചു. മുംബൈയിലെ സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തതിന് നാളേയ്ക്കകം രാജ്യം വിടാനായിരുന്നു നിര്‍ദേശം നല്‍കിയത്. ഹര്‍ജി നവംബര്‍ 2 ന് വീണ്ടും പരിഗണിക്കും.
ഒക്ടോബര്‍ 10ന് മുംബൈയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിനാണ് ഇമ്രാന്‍ ഖാന് എഫ്.ആര്‍.ആര്‍.ഒ ലീവ് ഇന്ത്യ നോട്ടീസ് അയച്ചത്. പ്രതിഷേധ സ്ഥലത്തുനിന്ന് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ആക്ട് 2025 ലംഘിച്ച് പ്രക്ഷോഭത്തില്‍ പങ്കെടുത്തു എന്ന് ആരോപിച്ച് ഒക്ടോബര്‍ 14നാണ് നോട്ടീസ് അയച്ചത്. തുടര്‍ന്ന് ഒക്ടോബര്‍ 17ന് ഇമ്രാന്‍ ഖാന്റെ ഒ.സി.ഐ കാര്‍ഡ് റദ്ദാക്കുമെന്നും കാണിച്ച് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ബി.ജെ.പി നേതാവ്’കിരിത് സോമയ്യ നല്‍കിയ പരാതിയുടെയും പൊലീസ് നല്‍കിയ തെളിവില്ലാത്ത എഫ്.ഐ.ആറിന്റെയും അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് ഇമ്രാന്‍ ഖാന്റെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
രണ്ട് വയസ്സ് മുതല്‍ ഇന്ത്യയില്‍ ജീവിക്കുന്ന വ്യക്തിയാണെന്നും തനിക്കെതിരെ മറ്റ് ക്രിമിനല്‍ പശ്ചാത്തലങ്ങള്‍ ഒന്നുമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇമ്രാന്‍ ഖാന്‍ ഹൈ കോടതിയെ സമീപിച്ചത്. എഫ്.ആര്‍.ആര്‍.ഒയുടെ നടപടി ഭരണഘടനാ വിരുദ്ധവും അനിയന്ത്രിതവുമാണെന്ന് അദ്ദേഹം ഹര്‍ജിയില്‍ വ്യക്തമാക്കി. നോട്ടീസ് പൂര്‍ണമായും റദ്ദാക്കണമെന്നും നാടുകടത്തല്‍ അടക്കമുള്ള കടുത്ത നടപടികളില്‍ നിന്ന് തനിക്ക് ഇടക്കാല സംരക്ഷണം നല്‍കണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
