Advertisement

കുനോ ദേശീയോദ്യാനത്തില്‍ ചീറ്റക്കുട്ടി ചത്തത് വെടിയേറ്റെന്ന് സൂചന; അന്വേഷണം ആരംഭിച്ച് സംസ്ഥാന ടൈഗര്‍ സ്‌ട്രൈക്ക് ഫോഴ്‌സ്

By kcnchannel / October 27, 2026

ഭോപ്പാല്‍: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ 19 മാസം പ്രായമുള്ള ചീറ്റക്കുട്ടി ചത്തത് വെടിയേറ്റെന്ന് സൂചന. ചീറ്റക്കുട്ടിയുടെ ശരീരത്തില്‍നിന്ന് വെടിയുണ്ടയുടെ ചീളുകള്‍ കണ്ടെത്തി. ഇന്ത്യയില്‍ ചീറ്റകളെ പുനരധിവസിപ്പിച്ചശേഷമുള്ള ആദ്യ വേട്ടശ്രമമെന്നാണ് സൂചന. നിര്‍വ എന്ന പെണ്‍ചീറ്റയുടെ കുഞ്ഞാണിത്. മൊറേന ജില്ലയിലെ വനമേഖലയില്‍ ഞായറാഴ്ച വൈകിട്ടാണ് പരുക്കേറ്റ നിലയില്‍ ചീറ്റക്കുഞ്ഞിനെ കണ്ടെത്തിയത്. തുടര്‍ന്ന് വിദഗ്ധ ചികില്‍സയ്ക്കായി ജബല്‍പുരിലേക്ക് മാറ്റി. ശസ്ത്രക്രിയയ്ക്കിടെ ശരീരത്തില്‍നിന്ന് വെടിയുണ്ടയുടെ ചീളുകള്‍ നീക്കം ചെയ്തു. ചികിത്സയ്ക്കിടെയാണ് ചീറ്റക്കുഞ്ഞ് ചത്തത്. സംസ്ഥാന ടൈഗര്‍ സ്‌ട്രൈക്ക് ഫോഴ്‌സ് അന്വേഷണം ആരംഭിച്ചു. വേട്ടയാടലിന്റെ സാധ്യതയും മനുഷ്യരുടെ ഇടപെടലും പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് നാടന്‍ തോക്കുകളുടെ ഉപയോഗവും അന്വേഷണ വിധേയമാണ്. നേരത്തേ പുള്ളിപ്പുലികളെ വേട്ടയാടിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വനമേഖലയാണിത്.