ഇന്ത്യ സഖ്യത്തിന്റെ മോക്ക് ഇംപീച്ച്‌മെന്റ് നീക്കം: അനുമതി വാങ്ങാതെ കോണ്‍ഗ്രസ്, നടപടി ആലോചിച്ച് ദില്ലി പൊലീസ്
മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ മോക്ക് ഇംപീച്ച്‌മെന്റ് നടത്താനുള്ള ഇന്ത്യ സഖ്യ തീരുമാനത്തില്‍ സ്ഥിതി വിലയിരുത്തി ദില്ലി പൊലീസ്. ഈ മാസം 30നാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്.
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായുള്ള മോക്ക് ഇംപീച്ച്‌മെന്റ് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നടത്താനുള്ള ഇന്ത്യ സഖ്യ തീരുമാനത്തില്‍ സ്ഥിതി വിലയിരുത്തി ദില്ലി പൊലീസ്. വീടിന് അകത്ത് നടക്കുന്ന പരിപാടിക്ക് പൊലീസ് അനുമതി തേടേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. മോക്ക് ഇംപീച്ച്‌മെന്റിന് ശേഷം എംപിമാര്‍ പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താനുള്ള സാധ്യത തടയാന്‍ പൊലീസ് നടപടി സ്വീകരിക്കും.
ഈ മാസം 30നാണ് ഖാര്‍ഗെയുടെ മോക്ക് ഇംപീച്ച്‌മെന്റ് നടത്തുക. പരിപാടിയിലേക്ക് ഇന്ത്യ സഖ്യ നേതാക്കളെ കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്.നേരത്തെ അശോക ഹോട്ടലില്‍ മോക്ക് ഇംപീച്ച്‌മെന്റ് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ഖാര്‍ഗെയുടെ വസതിയിലേക്ക് പരിപാടി മാറ്റിയത്. 31ന് ഇന്ത്യ സഖ്യ യോഗം ചേരാനും നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. തുടര്‍ന്ന്, നവംബര്‍ ഒന്നിന് രാംലീല മൈതാനിയില്‍ ഇന്ത്യ സഖ്യ നേതാക്കളുടെ റാലി നടക്കും.
