യുഡിഎഫിന്റെ ഉരുക്കുകോട്ടയായി കാസര്‍കോട് നഗരസഭ…

പ്രധാന എതിരാളിയായ ബിജെപിക്ക് ഒരു പഴുത് പോലും നല്‍കാതെയായിരുന്നു കാസര്‍കോട് നഗരസഭയില്‍ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയത്…39 വാര്‍ഡുകളില്‍ 24 സീറ്റ് നേടിയാണ് കാസര്‍കോട് നഗരസഭ യുഡിഎഫ് നിലനിര്‍ത്തിയത്.

ലീഗിന്റെ ചിറകിലേറി കാസര്‍കോട് നഗരസഭാഭരണം യുഡി എഫിന് നിലനിര്‍ത്തി.39 സീറ്റുകളില്‍ 24 സീറ്റുകള്‍ യുഡിഎഫ് നേടി. ഇതില്‍ 22 സീറ്റുകളും ലീഗിന്റെതാണ്. എന്‍ ഡി എ യ്ക്ക് 14 സീറ്റില്‍ നിന്നും 12 ആയി കുറഞ്ഞു. അതേ സമയം എല്‍ ഡി എഫ് ഒരു സീറ്റില്‍ നിന്നും 2 സീറ്റ് ആയി വര്‍ദ്ധിപ്പിച്ചു. എല്‍ ഡി എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥി വിജയിച്ചു.മറ്റുള്ളവര്‍ ഒരു വാര്‍ഡിലും വിജയിച്ചു.. നഗര സഭാ രൂപീകരിച്ചതുമുതല്‍ രണ്ടു തവണ മാത്രമാണ് യുഡിഎഫിന് ഭരണം നഷ്ടമായത്.രണ്ട് തവണയും ഇടതുപക്ഷമാണ് ഭരണം പിടിച്ചെടുത്തത്. നിലവില്‍ നഗരസഭയിലെ വലിയ രണ്ടാമത്തെ കക്ഷി ബിജെപിയായിരുന്നു.എന്നാല്‍ ഇത്തവണ സീറ്റ് കുറഞ്ഞു. വര്‍ഷങ്ങളായി നഗരസഭയിലെ പ്രതിപക്ഷമായ ബിജെപി ഇത്തവണ ഭരണം ലക്ഷ്യമിട്ടിരുന്നു.എന്നാല്‍ യുഡിഎഫ് കോട്ട കടക്കാന്‍ എന്‍ ഡി എയ്ക്ക് കഴിഞ്ഞില്ല. ഇടതുപക്ഷത്തിന് വേരോട്ടം കുറഞ്ഞ നഗരസഭയില്‍ ഇത്തവണ 25 സീറ്റുകളില്‍ മുന്നണിസ്ഥാനാര്‍ഥികളെ നിര്‍ത്തി കരുത്ത് തെളിയിക്കാനുള്ള ശ്രമമാണ് എല്‍ഡിഎഫ് നടത്തിയത്.
മൂന്ന് വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി സാന്നിധ്യമറിയിക്കാന്‍ എസ്ഡിപിഐയും രംഗത്ത് എത്തിയിരുന്നു. ഒന്ന്, 13, 30 വാര്‍ഡുകളിലാണ് ഇവര്‍ ജനവിധി തേടിയത്.37 സ്ഥാനാര്‍ഥികളുമായാണ് യുഡിഎഫ് നഗരഭരണം പിടിക്കാന്‍ രംഗത്ത് ഇറക്കിയത്. ഇതില്‍ 24 സ്ഥാനാര്‍ഥികള്‍ ലീഗിന്റെ ആയിരുന്നു.
മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിന് നഗരസഭയില്‍ മികച്ച വിജയം നേടാനായത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശമായി. കഴിഞ്ഞ തവണ വിമതന്‍ പിടിച്ചെടുത്ത വാര്‍ഡുകള്‍ ഉള്‍പ്പെടെ തിരിച്ചുപിടിക്കാന്‍ സാധിച്ചത് വിജയത്തിന്റെ മാറ്റ് കൂട്ടി. നഗരസഭയിലെ ഭൂരിപക്ഷം വാര്‍ഡുകളിലും മറ്റ് തീരദേശ വാര്‍ഡുകളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ച ഭൂരിപക്ഷം നേടി.യുഡിഎഫിന്റെ ഭരണനേട്ടങ്ങള്‍ക്കായുള്ള അംഗീകാരമാണ് ഈ തിരഞ്ഞെടുപ്പ് വിജയമെന്നും, വരാനിരിക്കുന്ന അഞ്ച് വര്‍ഷവും നഗരസഭയുടെ വികസനത്തിനായി മുന്നണി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും യുഡിഎഫ് നേതൃത്വം അറിയിച്ചു. അതേസമയം, ശക്തമായ പ്രതിപക്ഷമായി നിന്ന് ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് എന്‍ഡിഎ വ്യക്തമാക്കി.

Scroll to Top