ഐഡിയ ഫോര്‍ജ് ’26: നൂതനാശയങ്ങളുടെ വേദിയായി കേരള കേന്ദ്ര സര്‍വകലാശാല
പെരിയ: വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വ അഭിരുചി വളര്‍ത്തുന്നതിനും നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള കേന്ദ്ര സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ‘ഐഡിയ ഫോര്‍ജ് ’26 ഭാവി സംരംഭകര്‍ക്കുള്ള വേദിയായി മാറി. ആശയങ്ങളെ പ്രായോഗിക സംരംഭങ്ങളാക്കി മാറ്റാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെ സര്‍വകലാശാലയിലെ ഇന്നവേഷന്‍ ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് സെന്റര്‍ (ഐഇഡിസി) സംഘടിപ്പിച്ച പരിപാടിയില്‍ 23 ടീമുകള്‍ പങ്കെടുത്തു. കാര്‍ഷിക രംഗവും സാങ്കേതിക വിദ്യയും ഉള്‍പ്പെടെ വിവിധ മേഖലകളിലെ പ്രശ്നങ്ങള്‍ക്കുള്ള നൂതന പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചുള്ള സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ മത്സരത്തിനെത്തി. വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മകത, പ്രശ്നപരിഹാരശേഷി, സംരംഭകത്വ കാഴ്ചപ്പാട് എന്നിവ പ്രകടമാക്കുന്നതായിരുന്നു അവതരണങ്ങള്‍.
ഒന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ത്ഥികളായ രാകേഷ് കുമാര്‍ മണ്ഡല്‍, നീരജ് കുമാര്‍ ആര്‍, മനീഷ് കുമാര്‍ എന്നിവരുള്‍പ്പെട്ട ടീം (എജ്യൂവാള്‍ട്ട് എഐ) ഒന്നാം സ്ഥാനം നേടി. ഒന്നാം വര്‍ഷ എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് റാസ, റെയ്സിദാം ശ്രീകാന്ത് (ബഫര്‍ ബ്രേക്കേഴ്സ്) എന്നിവര്‍ രണ്ടാമതും ഐടെപ് വിദ്യാര്‍ത്ഥികളായ ശീതള്‍ പി, അനഘ എ, അമൃത ആര്‍.കെ. (ഇന്റര്‍ ക്ലാസ്) എന്നിവര്‍ മൂന്നാമതുമെത്തി. വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ ഉദ്ഘാടനം ചെയ്തു. ഐക്യുഎസി ഡയറക്ടര്‍ പ്രൊഫ. സജി ടി.ജി. അധ്യക്ഷത വഹിച്ചു. ഐഇഡിസി നോഡല്‍ ഓഫീസര്‍ ഡോ. ആദിത്യ വി, കോ-നോഡല്‍ ഓഫീസര്‍ ഡോ. രജിത്‌ന ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജിനോമിക് സയന്‍സ് വിഭാഗം പ്രൊഫസര്‍ ഡോ. വി.ബി. സമീര്‍ കുമാര്‍, ഫിലിംലാന്‍സ് ടെക്‌നോളജീസ് സഹസ്ഥാപക ദിവ്യ തൈക്കൂട്ടത്തില്‍, മാമ്പള്ളി റോയല്‍ ബിസ്‌കറ്റ് ഫാക്ടറി സംരംഭക പ്രതിനിധി രേണുക ബാല എന്നിവര്‍ വിധികര്‍ത്താക്കളായി.
