Advertisement

ഒറ്റക്കെട്ടായി നിയമസഭ, 8 വര്‍ഷങ്ങള്‍ക്ക് ശേഷം മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പള വര്‍ധന ബില്‍ പാസാക്കി; സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

By kcnchannel / October 29, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെയും എം എല്‍ എമാരുടെയും ശമ്പളവും വര്‍ധിപ്പിക്കുന്നതിനുള്ള ബില്‍ ഭരണ – പ്രതിപക്ഷാംഗങ്ങള്‍ ഒറ്റക്കെട്ടായി നിയമസഭയില്‍ പാസാക്കി. മുന്‍ എം എല്‍ എമാരുടെ പെന്‍ഷനും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനു മുന്‍പ് 2018 ലാണ് ശമ്പള വര്‍ധന നടപ്പാക്കിയതെന്നും, ഉയര്‍ന്ന ചെലവുകള്‍ കാരണം പല അംഗങ്ങളും തങ്ങളനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ സങ്കടത്തോടെ പങ്കുവെച്ചിരുന്നതായും തര്‍ക്കങ്ങളൊന്നുമില്ലാതെ ബില്‍ പാസാക്കിയ നടപടിയെ അഭിനന്ദിച്ചുകൊണ്ട് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എം എല്‍ എമാര്‍ക്ക് ഒരു പി എയെക്കൂടി അധികമായി അനുവദിക്കണമെന്ന സ്പീക്കറുടെ ആവശ്യത്തോട് അനുകൂലമായി പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ബില്‍ പാസാക്കിയതിന് പിന്നാലെ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിയുകയും ചെയ്തു.

മന്ത്രിസഭാ തീരുമാനം

മന്ത്രിമാരുടെയും എം എല്‍ എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും കൂട്ടാന്‍ ഇന്നലെയാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എം എല്‍ എമാരുടെ പ്രതിമാസ ആനുകൂല്യങ്ങള്‍ 70000 ല്‍ നിന്ന് 98000 മാകും. മന്ത്രിമാരുടെ ആനുകൂല്യം 1.08 ലക്ഷത്തില്‍ നിന്ന് 1.33 ലക്ഷമാക്കും. മണ്ഡല അലവന്‍സുകളും യാത്രാ ബത്തയും ഇന്ധന കൂപ്പണ്‍ തുകയും കൂട്ടും. പലിശ രഹിത വാഹന വായ്പാ പരിധി ഉയര്‍ത്തും.