ചേരാനല്ലൂര്‍ വാഹനാപകട കേസ്; ജഡ്ജിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസ്, ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന്റെ മുന്നില്‍ ഹാജരായി അഡീഷണല്‍ ജഡ്ജി. ജഡ്ജിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കൊച്ചി പോലീസ് ക്ലബ്ബില്‍ ആയിരുന്നു ചോദ്യം ചെയ്യല്‍. അതേസമയം വാഹനാപകടക്കേസില്‍ 17-കാരനായ പ്രതിയുടെ പിതാവും അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുമായ ഹര്‍ജിക്കാരന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കേസിന്റെ അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.
ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു. ജഡ്ജിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന ഇടപെടല്‍. ഹര്‍ജിക്കാരന്‍ അന്വേഷണത്തോട് സഹകരിക്കുകയും ചോദ്യം ചെയ്യലിന് ഹാജരാകുകയും ചെയ്തിട്ടുണ്ടല്ലോ എന്ന് വ്യക്തമാക്കിയ കോടതി, പിന്നെ എന്തിനാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നതെന്ന് അന്വേഷണ സംഘത്തോട് ആരാഞ്ഞു.
ഹര്‍ജിക്കാരന്‍ ജുഡീഷ്യല്‍ ഓഫീസറാണെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി. കേസുകളില്‍ വിധികല്‍പ്പിക്കുമ്പോള്‍ പൊതുബോധത്തിന് കീഴടങ്ങാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്താമാക്കി. ജാമ്യാപേക്ഷയില്‍ വിശദമായ വാദം പിന്നീട് നടക്കും.
