ആലപ്പുഴ മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് കുട്ടികളെ വാങ്ങാന്‍ പ്രത്യേക സംഘം; ബാലാവകാശ കമ്മിഷന്‍ കേസെടുത്തു
ആലപ്പുഴ മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് കുട്ടികളെ വാങ്ങാന്‍ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുവെന്ന മാധ്യമ വാര്‍ത്തയില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. അവിവാഹിതരായ അമ്മമാരെ സമീപിച്ച് കുഞ്ഞിനെ വാങ്ങാന്‍ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നതായും കുഞ്ഞിനെ വില്‍ക്കാന്‍ ഉണ്ടോയെന്ന് തിരക്കി സംഘം സമീപിച്ചതായും ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി പറഞ്ഞതായാണ് വാര്‍ത്ത.
25,000 രൂപയ്ക്ക് മുകളില്‍ നല്‍കി നവജാത ശിശുവിനെ വാങ്ങി ലക്ഷങ്ങള്‍ക്ക് മറിച്ചു വില്‍ക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായാണ് ശിശുക്ഷേമ സമിതി ഭാരവാഹിയുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി, ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് എന്നിവരില്‍ നിന്ന് കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ടു. കമ്മിഷന്‍ അംഗം ടി.സി ജലജമോളാണ് കേസെടുത്തത്.
