Advertisement

പിഎസ്‌സി പരീക്ഷ ക്രമക്കേടില്‍ അതിവേഗം അന്വേഷണം സംഘം; സെക്രട്ടറി സാജു ജോര്‍ജിനെ നാളെ ചോദ്യം ചെയ്യും

By kcnchannel / October 30, 2026

പിഎസ്‌സി പരീക്ഷ ക്രമക്കേടില്‍ സെക്രട്ടറി സാജു ജോര്‍ജിനെയും പരീക്ഷ കണ്‍ട്രോളറെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. ചെയര്‍മാന്റെയും അംഗങ്ങളുടെയും മൊഴികളിലെ ഭിന്നതയെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു. കേസില്‍ പ്രതിയായ അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍ ഹരി നിലവില്‍ ഒളിവിലാണ്.
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ ക്രമക്കേടില്‍ സെക്രട്ടറി സാജു ജോര്‍ജിനെ നാളെ ചോദ്യം ചെയ്യും. ഇന്ന് നോട്ടീസ് നല്‍കും. പരീക്ഷ കണ്‍ട്രോളര്‍ ബിനി കെ എബ്രഹാമിനെ തിങ്കളാഴ്ചയാണ് ചോദ്യം ചെയ്യുക. തിങ്കളാഴ്ച മുതല്‍ മറ്റ് അംഗങ്ങളെ ചോദ്യം ചെയ്യും. അംഗങ്ങളെ ചോദ്യം ചെയ്തശേഷം സെക്രട്ടറിയെ ചോദ്യം ചെയ്യാമെന്നായിരുന്നു ആദ്യധാരണ. എന്നാല്‍, ചെയര്‍മാന്‍ ഉദ്യോഗസ്ഥരെ പഴിച്ച് മൊഴി നല്‍കിയ സാഹചര്യത്തിലാണ് സെക്രട്ടറിയെ ഉടന്‍ ചോദ്യം ചെയ്യുന്നത്.

അതേസമയം, പിഎസ്‌സി പരീക്ഷ ക്രമക്കേടില്‍ പ്രത്യേക അന്വേഷണ സംഘം വിപുലപ്പെടുത്തി. രണ്ടു എസ്പി മാരെയും ഒരു ഡിവൈഎസ്പിയെയും അന്വേഷണ സംഘത്തിന്റെ ഭാഗമാക്കി. പുതുതായി രജിസ്റ്റര്‍ ചെയ്ത 3 കേസുകള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. 10 പി എസ് സി അംഗങ്ങള്‍ക്കും സെക്രട്ടറിക്കും ഇന്ന് നോട്ടീസ് നല്‍കും. പിഎസ്‌സി പരീക്ഷാ തട്ടിപ്പില്‍ ചെയര്‍മാനും അംഗങ്ങളും നല്‍കിയ മൊഴികളില്‍ ഭിന്നതയുണ്ട്. എല്ലാ തീരുമാനങ്ങളും കൂട്ടായി എടുത്തതാണെന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലില്‍ പിഎസ്‌സി ചെയര്‍മാന്‍ എം ആര്‍ ബൈജു മൊഴി നല്‍കിയത്.

പല തീരുമാനങ്ങളും ചെയര്‍മാന്‍ ഒറ്റയ്ക്ക് എടുക്കുന്നുവെന്നാണ് ചില അംഗങ്ങള്‍ മൊഴി നല്‍കിയിരിക്കുന്നത്. കേസില്‍ പ്രതിയായ അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍ ഹരിയും എം ആര്‍ ബൈജുവും വലിയ അടുപ്പത്തിലാണെന്ന് ചില അംഗങ്ങള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഹരി ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. ഇയാളുടെ വീട് പൂട്ടിയ നിലയിലാണ്. അതേസമയം അറസ്റ്റിലായ മുന്‍ ഡെപ്യൂട്ടി സെക്രട്ടറി സതീഷിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.