Advertisement

കടുത്ത വൈദ്യുതി പ്രതിസന്ധി; ഹ്രസ്വകാല കരാറുകള്‍ക്ക് റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കാത്തതില്‍ കെഎസ്ഇബിക്കുള്ളില്‍ വിമര്‍ശനം

By kcnchannel / October 30, 2026

കടുത്ത വൈദ്യുതി പ്രതിസന്ധിക്കിടെ ഹ്രസ്വകാല കരാറുകള്‍ക്ക് അനുമതി നല്‍കാത്തതില്‍ റഗുലേറ്ററി കമ്മീഷനെതിരെ കെഎസ്ഇബിയില്‍ വിമര്‍ശനം ഉയരുന്നു. എന്നാല്‍ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് കെഎസ്ഇബിയെ സാമ്പത്തികമായി തകര്‍ക്കുമെന്നാണ് കമ്മീഷന്റെ മുന്നറിയിപ്പ്.
തിരുവനന്തപുരം: കടുത്ത വൈദ്യുതി പ്രതിസന്ധിക്കിടിയിലും യൂണിറ്റിന് പത്തു രൂപയ്ക്ക് താഴെയുള്ള ഹ്രസ്വകാല കരാറുകള്‍ക്ക് പോലും റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കാത്തതില്‍ കെഎസ്ഇബിക്കുള്ളില്‍ വിമര്‍ശനം. അതേ സമയം കൂടിയ വിലയ്ക്കുള്ള വൈദ്യുതി വാങ്ങല്‍ കെഎസ്ഇബിയെ സാമ്പത്തികമായി തകര്‍ക്കുമെന്നാണ് ഇന്നലത്തെ ഉത്തരവില്‍ കമ്മീഷന്‍ മുന്നറിയിപ്പ്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ 2050 മെഗാവാട്ടിന്റെ ഹ്രസ്വകാല കരാറുകള്‍ക്കാണ് കെഎസ്ഇബി അപേക്ഷിച്ചത്. എന്നാല്‍ റഗുലേറ്ററി കമ്മീഷന്‍ 1035 മെഗാവാട്ടിനും അനുമതി നിഷേധിച്ചു.

പുലര്‍ച്ചെ 12 മുതല്‍ രാവിലെ 8 വരെയും പീക്ക് അവര്‍ സമയത്തെയും കരാറുകള്‍ക്കാണ് അനുമതി തേടിയത്. ഇതില്‍ ഓഫ് പീക്ക് സമയത്ത് യൂണിറ്റിന് 7.25 രൂപയ്ക്കുള്ള വൈദ്യുതി വാങ്ങാന്‍ പോലും അനുമതി നല്‍കിയില്ലെന്നാണ് കെഎസ്ഇബിയിലെ പരാതി. മാര്‍ച്ചിലും ഏപ്രിലിലും യൂണിറ്റിന് 13.89 രൂപയ്ക്ക് പീക്ക് അവറില്‍ വൈദ്യുതി വാങ്ങാനാനുള്ള കെഎസ്ഇബി നീക്കത്തിനും കമ്മീഷന്‍ തടയിട്ടു. ഉപഭോക്താക്കളെ ബോധവത്കരിക്കുന്നതിലൂടെ വൈദ്യുതി ഉപയോഗം പത്തു ശതമാനം വരെ കുറയ്ക്കാമെന്നാണ് ഉത്തരവിലെ കമ്മീഷന്റെ നിരീക്ഷത്തിന് ഉള്‍പ്പെടെ ബോര്‍ഡില്‍ വിമര്‍ശനമുണ്ട്.

അതേ സമയം നിലിവലെ പ്രതിസന്ധി പരിഗണിച്ചു മാത്രമാണ് അനുമതിയെന്നും ഇതൊരു കീഴ് വഴക്കമല്ലെന്നും വ്യക്തമാക്കി കൊണ്ടുമാണ് 1015 മെഗാവാട്ട് വാങ്ങാനുള്ള കമ്മീഷന്റെ ഉത്തരവ്. അനുമതിയില്ലാതെ ഓഫ് പീക്ക് സമയങ്ങളില്‍ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുകയാണെന്ന് വിമര്‍ശിച്ചു. ഇത് കെഎസ്ഇബിയ്ക്ക് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടാക്കും. നടപ്പു വര്‍ഷത്തെ ഹ്രസ്വകാല കരാറുകളുണ്ടാക്കുന്ന ബാധ്യത കുറയ്ക്കാനുള്ള നടപടികള്‍ ഇതുവരെ കെഎസ്ഇബി നിര്‍ദ്ദേശിച്ചിട്ടില്ല. ബസ് പദ്ധതികള്‍ സമയത്ത് തീരാത്തതില്‍ വിമര്‍ശനവും ആവര്‍ത്തിച്ചു. ശൈത്യകാലമായതിനാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ഓഫ് പീക്ക് സമയങ്ങളില്‍ വൈദ്യുതി കിട്ടാം. കേന്ദ്രത്തില്‍ നിന്ന് 150 മെഗാവാട്ട് അധികം വൈദ്യുതി മേയ് വരെ നീട്ടാനും മറ്റു സംസ്ഥാനങ്ങളുമായി ബാങ്കിങ് കരാറുകള്‍ക്കും ശ്രമിക്കണം. സിന്നാര്‍ തെര്‍മല്‍ പദ്ധതിയില്‍ ഡിസംബര്‍ മുതല്‍ വൈദ്യുതി കിട്ടാം. വേനല്‍ക്കാലത്തേയ്ക്ക് വെള്ളം കരുതാന്‍ വേണ്ടി മാത്രമെന്ന് വ്യക്തമാക്കി കൊണ്ടാണ് ഹ്രസ്വകാല കരാറുകള്‍ക്ക് കമ്മീഷന്‍ അനുമതി നല്‍കിയത്.