വില്‍ക്കാന്‍ കേന്ദ്രം, ഐഡിബിഐ ജീവനക്കാരുടെ സമരത്തിന് രാഹുലിന്റെ പിന്തുണ; കനേഡിയന്‍ കമ്പനിക്ക് വില്‍ക്കുന്നതില്‍ പ്രതിഷേധം ശക്തം
ഐഡിബിഐ ബാങ്ക് സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ജീവനക്കാര്‍ നടത്തുന്ന സമരത്തിന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പിന്തുണ പ്രഖ്യാപിച്ചു. പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് നിര്‍മ്മിച്ച ലാഭകരമായ സ്ഥാപനം വില്‍ക്കുന്നതിന്റെ യുക്തിയെ ചോദ്യം ചെയ്ത അദ്ദേഹം, ഇത് ജീവനക്കാരെയും നിക്ഷേപകരെയും ബാധിക്കുമെന്ന ആശങ്ക പങ്കുവെച്ചു.
ന്യൂഡല്‍ഹി: കാനഡ ആസ്ഥാനമായുള്ള ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സിന് ഐഡിബിഐ ബാങ്കിലെ ഭൂരിപക്ഷ ഓഹരികള്‍ വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ജീവനക്കാര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് നിര്‍മ്മിച്ച ലാഭകരമായ ഒരു പൊതുമേഖലാ സ്ഥാപനം സര്‍ക്കാര്‍ വില്‍ക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബാങ്ക് ജീവനക്കാര്‍ക്ക് അയച്ച തുറന്ന കത്തിലാണ് രാഹുല്‍ ഗാന്ധി സര്‍ക്കാരിന്റെ നടപടിക്കെതിരെ രംഗത്തുവന്നത്.
ഐഡിബിഐ ബാങ്ക് സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ യുക്തിയെ ചോദ്യം ചെയ്ത അദ്ദേഹം, ഈ ഇടപാട് ജീവനക്കാരെയും നിക്ഷേപകരെയും സംവരണ നയങ്ങളെയും എങ്ങനെ ബാധിക്കുമെന്ന ആശങ്കയും പങ്കുവെച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ വെച്ച് ഐഡിബിഐ ബാങ്ക് ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ച രാഹുല്‍ ഗാന്ധി കത്തില്‍ ഓര്‍മ്മപ്പെടുത്തി. ജീവനക്കാരുടെ കഠിനാധ്വാനം കൊണ്ട് ലാഭത്തിലാക്കിയ ഒരു ബാങ്ക് എന്തിനാണ് സര്‍ക്കാര്‍ വില്‍ക്കുന്നതെന്ന് അവര്‍ തന്നോട് ചോദിച്ചിരുന്നുവെന്നും, ഈ ചോദ്യം താന്‍ ലോക്‌സഭയില്‍ ഉന്നയിച്ചിട്ടും സര്‍ക്കാര്‍ വ്യക്തമായ കാരണങ്ങളൊന്നും നല്‍കിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നിലവില്‍ കനേഡിയന്‍ കമ്പനിയായ ഫെയര്‍ഫാക്‌സിന് ബാങ്ക് വില്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ഐഡിബിഐ ബാങ്കില്‍ കുറഞ്ഞത് 51 ശതമാനം ഓഹരി ഉടമസ്ഥതയെങ്കിലും സര്‍ക്കാര്‍ എക്കാലത്തും നിലനിര്‍ത്തുമെന്ന് 2003-ല്‍ പാര്‍ലമെന്റിന് നല്‍കിയ ഉറപ്പും രാഹുല്‍ ഗാന്ധി ഓര്‍മ്മിപ്പിച്ചു. പൊതുജനങ്ങളുടെ പണം കൊണ്ട് നിര്‍മ്മിച്ച ഒരു സ്ഥാപനം ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും, നിയമപരമായി ഇത് ബാധകമല്ലെങ്കിലും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമാണിതെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി. ഇതിനിടയില്‍, ഓഹരി വില്‍പനയുമായി ബന്ധപ്പെട്ട മൂല്യനിര്‍ണ്ണയ പ്രക്രിയയിലെ കാലതാമസവും രീതികളിലെ മാറ്റങ്ങളും ചൂണ്ടിക്കാട്ടി വിവിധ കോണുകളില്‍ നിന്ന് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. കോണ്‍ഗ്രസ് ബാങ്കുകള്‍ നിര്‍മ്മിച്ചുവെന്നും ബിജെപി അവ വിറ്റു നശിപ്പിക്കുകയാണെന്നുമാണ് രാഹുലിന്റെ ആക്ഷേപം.
