Advertisement

‘അവരെ ഏകദിനങ്ങളിലും കളിപ്പിക്കൂ’; വൈഭവ്, കിഷന്‍, അഭിഷേക് എന്നിവരെ പിന്തുണച്ച് യുവരാജ് സിംഗ്

By kcnchannel / October 30, 2026

ന്യൂഡല്‍ഹി: വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍ എന്നീ യുവതാരങ്ങള്‍ക്ക് ഇന്ത്യയുടെ ഏകദിന ടീമില്‍ അവസരം നല്‍കണമെന്ന് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. ഇഷാന്‍ കിഷന്‍ ഇതിനകം 32 ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും അഭിഷേകും വൈഭവും ഇതുവരെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചിട്ടില്ല. വെല്ലിംഗ്ടണില്‍ നടന്ന ടി20 മത്സരത്തില്‍ വൈഭവും അഭിഷേകും ചേര്‍ന്ന് പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 118 റണ്‍സ് അടിച്ചുകൂട്ടി അന്താരാഷ്ട്ര ടി20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്‌കോര്‍ കുറിച്ചിരുന്നു.

ഇത്തരത്തിലുള്ള മികച്ച പ്രതിഭകളെ ഏകദിന ടീമിലേക്ക് പരിഗണിക്കാതിരിക്കുന്നത് അവരുടെ കഴിവുകളോട് ചെയ്യുന്ന അനീതിയാണെന്ന് യുവരാജ് അഭിപ്രായപ്പെട്ടു. ”അഭിഷേക് ശര്‍മയെ ഏകദിന ടീമില്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അഭിഷേകിനെയും വൈഭവിനെയും ഇഷാന്‍ കിഷനെയും പോലുള്ള കളിക്കാരെ 50 ഓവര്‍ ഫോര്‍മാറ്റില്‍ എടുത്തില്ലെങ്കില്‍ അത് അവരുടെ പ്രതിഭയോട് ചെയ്യുന്ന അനീതിയായിരിക്കും.” യുവരാജ് പറഞ്ഞു.

നിലവില്‍ ശുഭ്മന്‍ ഗില്‍, രോഹിത് ശര്‍മ്മ എന്നിവരാണ് ഇന്ത്യയുടെ ഏകദിന ഓപ്പണര്‍മാര്‍. വിരാട് കോലി മൂന്നാം നമ്പറിലും കളിക്കുന്നു. നിലവില്‍ പ്രമുഖ താരങ്ങള്‍ ഉള്ളതിനാല്‍ യുവതാരങ്ങള്‍ക്ക് ടീമില്‍ ഇടം നേടുക എളുപ്പമല്ലെന്ന് സമ്മതിച്ച യുവരാജ്, എങ്കിലും അവരുടെ പ്രകടനം കണക്കിലെടുത്ത് ഉടന്‍ തന്നെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കൂട്ടിച്ചേര്‍ത്തു. അഭിഷേക് ഇന്നുവരെ കൈവരിച്ച നേട്ടങ്ങളെല്ലാം അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും യുവരാജ് പ്രശംസിച്ചു.

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര 3-0 ന് ഇന്ത്യ സ്വന്തമാക്കിയെങ്കിലും ഓക്ക്‌ലന്‍ഡില്‍ നടന്ന നാലാം മത്സരത്തില്‍ 87 റണ്‍സിന്റെ തോല്‍വി വഴങ്ങിയിരുന്നു. വരുന്ന ഞായറാഴ്ച ഹാമില്‍ട്ടണില്‍ നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടി20 മത്സരത്തിന് ശേഷം, നവംബര്‍ 4 മുതല്‍ ഇരുടീമുകളും അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ഏറ്റുമുട്ടും.