മഹാരാജാസ് കോളജില്‍ മന്ത്രി റോജി എം ജോണിനെതിരായ SFI പ്രതിഷേധം; കേസെടുത്ത് പൊലീസ്
കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ മന്ത്രി റോജി എം ജോണിനെതിരായ എസ്എഫ്‌ഐ പ്രതിഷേധത്തില്‍ കേസ് എടുത്ത് പൊലീസ്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന ഒരു കൂട്ടം വിദ്യാര്‍ഥികള്‍ക്ക് എതിരെയാണ് കേസ്. ബിരുദദാന ചടങ്ങ് അലങ്കോലമാക്കിയതിനാണ് കേസ് എടുത്തത്. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ 16 വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെയായിരുന്നു എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം.
ബിരുദധാന ചടങ്ങിന് എത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ വേദിയില്‍ സംസാരിച്ച് തുടങ്ങിയപ്പോള്‍ ബാനര്‍ ഉയര്‍ത്തി ആയിരുന്നു ആദ്യം പ്രതിഷേധം. ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും ബാനറുകള്‍ താഴെ വയ്‌ക്കേണ്ടതില്ലെന്നും മന്ത്രി വേദിയില്‍ നിന്നുതന്നെ പറഞ്ഞു എന്നാല്‍ പരിപാടി തടസ്സപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടു.
കാലടിയിലെ സമരം അക്രമമായിരുന്നു എന്നും ഗുണ്ടായിസം കാണിച്ച് വിദ്യാര്‍ത്ഥി പ്രസ്ഥാനം വളര്‍ത്താം എന്ന് വിചാരിച്ചാല്‍ നടക്കില്ലെന്നും മന്ത്രി പറഞ്ഞു. പ്രതിഷേധം ശക്തമായതോടെ മന്ത്രി പരിപാടി പൂര്‍ത്തിയാക്കാതെ വേദി വിട്ട് ഇറങ്ങി. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ 16 വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തിട്ട് 60 ദിവസം പിന്നിട്ടതായും വിദ്യാര്‍ഥികള്‍ പറഞ്ഞു.
